തിരുവനന്തപുരം: കേബിള്‍ ടെലിവിഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് നേരിട്ട ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾ സംപ്രേഷണം പുനഃരാരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30 മുതല്‍ നിര്‍ത്തി വച്ച സംപ്രേക്ഷണം ഇന്ന് രാവിലെ മുതലാണ് പുനഃരാരംഭിച്ചത്.
പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാത്രി മുതൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾ സംപ്രേക്ഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ചാനലുകൾ ലഭ്യമായിരുന്നില്ല.
48 മണിക്കൂർ പൂർത്തിയാകും മുൻപാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചത്. ഇന്നു പുലർച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം പുനഃരാരംഭിച്ചത്. പുലർച്ചെ 2.44 ഓടെ യൂട്യൂബിൽ ലഭ്യമായി തുടങ്ങി. എന്നാൽ, മീഡിയ വൺ ചാനൽ സംപ്രേക്ഷണം പുനഃരാരംഭിച്ചത് രാവിലെ 9.30 നാണ്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിലക്കിനെ തുടർന്ന് മീഡിയ വണ്ണിൽ തത്സമയ വാർത്താ സംപ്രേക്ഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. രാവിലെ 11 മുതൽ വാർത്താ സംപ്രേക്ഷണം ആരംഭിക്കുമെന്ന് മീഡിയ വൺ അറിയിച്ചിട്ടുണ്ട്.
Read Also: യെസ് ബാങ്ക് മേധാവി റാണാ കപൂറിന് ലുക്ക്ഔട്ട് നോട്ടീസ്, വീട്ടിൽ എൻഫോഴ്സ്മെന്റ് പരിശോധന
വടക്ക് കിഴക്കന്‍ ഡൽഹിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ നേരത്തെ ഉത്തരവിട്ടത്. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ചാനലുകളുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.
വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേക്ഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന്റെ ലംഘനമാണ് എന്ന് മന്ത്രാലയം വിലയിരുത്തി. “ഇത് പോലെ ഗുരുതരമായ സംഭവങ്ങൾ അതീവ ശ്രദ്ധയോടെയും സംതുലിതമായും റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. കലുഷിതമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ടിങ് മതസ്പർദ്ധ വർധിപ്പിക്കാന്‍ ഉതകും,” മന്ത്രാലയം ചാനലുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
ബിജെപിയുടെ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥർ. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍.