തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ രാഷ്‌ട്രീയ മനസും കാഴ്‌ചപ്പാടും എന്താണെന്ന് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ സർവേ ഫലം പുറത്തുവിട്ടു. ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ സമഗ്രമായ അഭിപ്രായ സര്‍വേയുടെ ഫലവും വിലയിരുത്തലുകളും ഇന്ന് 7.30 നാണ് ആരംഭിച്ചത്.
കെ.എം.മാണിയുടെ നിര്യാണവും കേരള കോൺഗ്രസിലെ പിളർപ്പും യുഡിഎഫിന് ക്ഷീണം ചെയ്യുമോ ? എന്നായിരുന്നു സർവേയിലെ ആദ്യ ചോദ്യം. യുഡിഎഫിന് ‘ക്ഷീണം ചെയ്യും’ എന്ന് 46 ശതമാനം പേർ പറഞ്ഞപ്പോൾ 28 ശതമാനം പേർ ‘ഇല്ല’ എന്ന് പറഞ്ഞു.
മുസ്‌ലിം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ‘തുടരും’ എന്ന് 49 ശതമാനം പേരും അഭിപ്രായപ്പെട്ടു. ‘തുടരില്ല’ എന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേരും.
Read Also: രോഗികളുടെ എണ്ണം വർധിക്കുന്നു, ഒപ്പം മറ്റ് ആശങ്കകളും: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനു നൽകുന്ന മാർക്ക് എത്ര? ഈ ചോദ്യത്തിനു സർവേയിൽ പങ്കെടുത്തവർ നൽകിയ മറുപടി വളരെ മികച്ചത്: ഒൻപത് ശതമാനം, മികച്ചത്-45 ശതമാനം, തൃപ്‌തികരം-27 ശതമാനം, മോശം-19 ശതമാനം
സർവേയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്; കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രകടനമാണോ നടത്തുന്നത് ? എന്നതായിരുന്നു ആ ചോദ്യം. സർക്കാർ പ്രവർത്തനങ്ങൾ ‘വളരെ മികച്ചത്’ എന്ന് 15 ശതമാനം പേർ അഭിപ്രായപ്പെട്ടു. ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 43 ശതമാനം പേരാണ്. ഭേദപ്പെട്ടത് എന്ന് അഭിപ്രായപ്പെട്ടത് 26 ശതമാനം പേർ. എന്നാൽ, മോശം എന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേർ മാത്രം.
കോവിഡ് കാലത്തെ മുന്നണി പ്രവർത്തനവും വിലയിരുത്തി. അതിൽ യുഡിഎഫ് മുന്നണിയുടെ പ്രവർത്തനം വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടത് നാല് ശതമാനം പേർ മാത്രം. ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് പറഞ്ഞത് ഏഴ് ശതമാനം പേർ.
Read Also: കൊച്ചി നഗരം അതീവ ജാഗ്രതയിൽ: ജനറൽ ആശുപത്രിയിൽ മാത്രം 72 പേർ കോവിഡ് നിരീക്ഷണത്തിൽ
കോവിഡ് കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തെ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പ്രകടനം ‘വളരെ മികച്ചത്’ എന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടു. തൃപ്‌തിപ്പെടുത്തുന്നത് എന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം ആളുകളാണ്. എന്നാൽ, പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേർ മാത്രമാണ്. കോവിഡ് കാലത്തെ പ്രകടനം മുഖ്യമന്ത്രിയുടെ മതിപ്പ് ഉയർത്തിയോ എന്ന ചോദ്യത്തിനു 84 ശതമാനം ആളുകളും മതിപ്പ് ഉയർത്തി എന്നാണ് പറഞ്ഞത്. താഴ്‌ത്തി എന്ന് പറഞ്ഞത് 14 ശതമാനം പേർ മാത്രം.
മുഖ്യമന്ത്രിക്കു ശേഷം മറ്റ് രാഷ്‌ട്രീയ നേതാക്കളെ വിലയിരുത്തുന്ന ചോദ്യവും സർവേയിൽ ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വളരെ മികച്ചത് എന്നു അഭിപ്രായപ്പെട്ടവർ വെറും ആറ് ശതമാനം പേർ മാത്രം. മികച്ചത് എന്നു അഭിപ്രായപ്പെട്ടവർ 13 ശതമാനം പേർ. 33 ശതമാനം പേർ തൃപ്‌തികരം എന്നു പറഞ്ഞപ്പോൾ 47 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വളരെ മികച്ചത്-രണ്ട് ശതമാനം
മികച്ചത്-18 ശതമാനം
ഭേദപ്പെട്ടത്-37 ശതമാനം
മോശം-43 ശതമാനം
ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ
വളരെ മികച്ചത്-അഞ്ച് ശതമാനം
മികച്ചത്-18 ശതമാനം
തൃപ്‌തികരം-40 ശതമാനം
മോശം-37 ശതമാനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുല്ലപ്പള്ളിയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 39 ശതമാനം പേർ. പ്രതിച്ഛായ മോശമാക്കിയെന്ന് അഭിപ്രായപ്പെട്ടത് 61 ശതമാനം. ചെന്നിത്തലയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 43 ശതമാനം പേർ. മോശമെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേർ. കെ.സുരേന്ദ്രന്റെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 56 ശതമാനം പേർ. മോശമാക്കിയെന്ന് അഭിപ്രായപ്പെട്ടത് 44 ശതമാനം പേർ മാത്രം.
ആരോഗ്യമന്ത്രി കെ.കെ.ശെെലജയ്‌ക്ക് സർവേയിൽ മികച്ച സ്വീകാര്യത ലഭിച്ചു. കെ.കെ.ശെെലജയുടെ പ്രകടനം ‘വളരെ മികച്ചത്’ എന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടു. ‘മികച്ചത്’ എന്ന് 43 ശതമാനം പേർ പറഞ്ഞു. ‘തൃപ്‌തികരം’ എന്ന് അഭിപ്രായമുള്ളത് 16 ശതമാനം പേർക്ക്. എന്നാൽ, ‘മോശ’മെന്ന് പറഞ്ഞത് വെറും മൂന്ന് ശതമാനം ആളുകൾ.
2021 ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കണം എന്ന ചോദ്യത്തിനു 47 ശതമാനം പേരും ഉമ്മൻചാണ്ടി വേണമെന്ന് അഭിപ്രായപ്പെടുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാർഥി ആവണമെന്ന് 13 ശതമാനം പേരും മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി സ്ഥാനാർഥി ആവണമെന്ന് 12 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 28 ശതമാനം പേർ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Read Also: യുഡിഎഫ് വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു, ജോസ് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കട്ടെ: കോടിയേരി
രണ്ട് ദിവസങ്ങളിലായാണ് സര്‍വേ ഫലം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 10,409 പേരിൽ നിന്നാണ് സര്‍വേ സാംപിളുകൾ ശേഖരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. നാളെയും സർവേ ഫലം പുറത്തുവിടുന്നത് തുടരും. ജൂൺ 29 വരെയുള്ള സർവേ ഫലമാണിത്.
Read Also: ഭയപ്പെടുത്തി കോവിഡ് കണക്കുകൾ; ഇന്ന് മാത്രം 211 പേർക്ക് കോവിഡ്
കേരളത്തിലെ വിവിധ മുന്നണികൾ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പടെ വിശദമായ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് വോട്ടർമാർക്ക് നൽകിയിരിക്കുന്നത്.