നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങള്‍ക്കും ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ (എ എച്ച് ആര്‍ സി) രൂക്ഷ വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ  സംഭവത്തില്‍ ഗൂഡാലോചനയില്ല എന്ന  ആഭ്യന്തരവകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രിയുടെ  അഭിപ്രായ പ്രകടനം തികച്ചും നിരുത്തരവാദിത്വപരമാണെന്നാണ് എഷ്യൻ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം.   കുറ്റവാളിയെയും നിരപരാധിയെയും  തീരുമാനിക്കുന്നത് മന്ത്രിയുടെ ഒഫീസല്ല, നിയമവ്യവസ്ഥയാണെന്ന്  സംഘടന  പ്രസ്താവനയിൽ പറയന്നു.

1986ല്‍ നിയമജ്ഞരും മനുഷ്യാവകാശപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.ഹോങ്കോങ്ങ്  ആസ്ഥാനമാക്കി  പ്രവര്‍ത്തിക്കുന്ന എ എച്ച് ആര്‍ സി. ഹോങ്കോങ്ങ് ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

“ഇന്ത്യയിലെ കുറ്റകരമായൊരു പ്രവണതയെ തുറന്നുകാട്ടുന്നതാണ് പിണറായി വിജയന്‍റെ ഈ വിഷയത്തിലെ പ്രതികരണം. ഇന്ത്യയിലെ ക്രിമിനല്‍ അന്വേഷണങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് പതിവാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്ന സമയത്ത് എടുക്കുന്ന ഭരണഘടനാപരമായ ചുമതലകളോട് പ്രതിജ്ഞാബദ്ധതയില്ല എന്നതിന്‍റെയും. ഭരണഘടനാപരമായൊരു ചുമതല വഹിക്കുന്നൊരാള്‍ പാലിക്കേണ്ടതായ  ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍  വിലവെയ്ക്കുന്നില്ല എന്നതിന്‍റെയും തെളിവാണിത്. ”

കേസില്‍ ഗൂഡാലോചന തെളിയിക്കുക എന്നത് കേരളാപൊലീസിനെ സംബന്ധിച്ചൊരു ഭഗീരഥപ്രയത്നം തന്നെയാണ് . ഇത്തരത്തിലുള്ള ഗൂഡാലോചന തെളിയിക്കാന്‍ ആധുനികങ്ങളായ ഉപകരണങ്ങളും വൈദഗ്ദ്ധ്യവും ആവശ്യമാണ്‌. എന്നാല്‍ ഫോണ്‍ കോളുകളുടെ വിവരം ശേഖരിക്കുക, ഫോറന്‍സിക് ഐടി പരിശോധന നടത്തുക, ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുക എന്നിവ മാത്രമാണ് ഇവിടെയുള്ള ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍. അതിനാല്‍ തന്നെ കുറ്റാരോപിതര്‍, പീഡിപ്പിക്കപ്പെട്ടയാള്‍, സാക്ഷികള്‍ എന്നിവരുടെ മൊഴികളെ അടിസ്ഥാനപ്പെടുത്തിയാവും ഗൂഢാലോചന തെളിയിക്കേണ്ടി വരികയെന്ന് എ എച്ച് ആര്‍ സി പറയുന്നു.

കേസിന്‍റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ പാലിക്കേണ്ടുന്നതായ പ്രൊഫഷണൽ ധാർമ്മികതയും, നിയമപരമായ ഉത്തരവാദിത്വങ്ങളും മറന്നു പ്രവര്‍ത്തിക്കുകയാണ് എന്നു എ എച്ച് ആര്‍ സി വിമര്‍ശിക്കുന്നു. ഏതാണ്ട് പന്ത്രണ്ടോളം മാധ്യമങ്ങള്‍ സംഭവം നടന്നപ്പോള്‍ പീഡനത്തെ അതിജീവിച്ച നടിയുടെ പേര് വച്ചുകൊണ്ടാണ് വാര്‍ത്തകള്‍ നല്‍കിയത്. പീഡനത്തെ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് ഇപ്പോള്‍ നിലവിലുള്ളത്. മാധ്യമങ്ങള്‍ ഇതേ വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ അതിലേറെ പരിതാപകരമാണ് എന്നും എ എച്ച് ആര്‍ സി വിമര്‍ശിക്കുന്നു. വിഷയത്തെക്കുറിച്ച് ഒട്ടും അവഗാഹമില്ലാത്ത പലരുമാണ്‌ ചര്‍ച്ചകളില്‍ പാനലിസ്റ്റുകളായി എത്തുന്നത്. അതില്‍ മിക്കവരും കേസിനെ എങ്ങനെ ബാധിക്കും എന്നുപോലും ആലോചിക്കാതെ ഗോസിപ്പുകള്‍ പടച്ചുവിടുകയാണ്. ഇത്തരം ചര്‍ച്ചകളില്‍ അവതാരകര്‍ ആവുന്നവര്‍ക്കും ഒരു കുറ്റാന്വേഷണത്തിന്‍റെ നടപടിക്രമങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല. മാധ്യമ പ്രവർത്തനവും വിദഗ്ദ്ധാഭിപ്രായവും ഒളിഞ്ഞുനോട്ടവും ചേരുന്ന ഒരു ഇടുങ്ങിയ പാതയിലൂടെയാണ് പല ചര്‍ച്ചകളും നീങ്ങുന്നത്.

കേസുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും ക്യാമ്പ്‌ ചെയ്തിരിക്കുകയാണ് റിപ്പോര്‍ട്ടര്‍മാര്‍. സാമാന്യയുക്തിക്ക് നിരക്കാത്ത ചോദ്യങ്ങളാണ് അവര്‍ ഉണ്ടാക്കുന്നത്. ആരാണ് കുറ്റവാളി എന്നാരായുന്നതിനു പകരം തങ്ങള്‍ മനസ്സിലാഗ്രഹിക്കുന്ന പേരല്ലേ കുറ്റവാളി എന്നാണ് അവര്‍ പൊലീസുകാരോട് ചോദിക്കുന്നത്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളുടെ വക്കീലിനോട് എന്താണ് കുറ്റാരോപിതന്‍ പറഞ്ഞത് എന്ന് ആരായുന്ന പാപ്പരത്വമാണ് പല മാധ്യമപ്രവര്‍ത്തകരുടെയും. ഈ ‘ അശ്ലീലത്തിന്’, അവര്‍ മുന്നോട്ടുവെക്കുന്ന മറുപടി ‘ജനങ്ങള്‍ സത്യമറിയാന്‍ ആഗ്രഹിക്കുന്നു’ എന്നൊരൊറ്റ ന്യായവാദമാണ്‌ .

മലയാളികള്‍ സാക്ഷരതയില്‍ ഊറ്റംകൊള്ളുകയും വിദ്യാഭ്യാസത്തില്‍ അഭിമാനിക്കുകയും ചെയ്യുമ്പോഴും കേരളത്തിന്‍റെ പൊതുബോധത്തിലൊന്നും തന്നെ അത് പ്രതിഫലിക്കുന്നില്ല എന്നതിന്‍റെ തെളിവുകള്‍ ആണിത് എന്നും എ എച്ച് ആര്‍ സി വിമര്‍ശിക്കുന്നു. നടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം അവരെ പേരെടുത്ത് പറഞ്ഞ പല അഭിപ്രായപ്രകടനങ്ങളും ഇതിന്‍റെ തെളിവാണ്.

സംഭവത്തോട് താരസംഘടനയായ അമ്മയുടെ നിസ്സംഗതയും വിമര്‍ശനവിധേയമാക്കുന്നുണ്ട് ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍. സിനിമാവ്യവസായത്തിലുള്ള പുരുഷമേധാവിത്വത്തില്‍ പ്രതിഷേധിച്ച് രൂപീകരിച്ച വുമണ്‍ ഇന്‍ സിനിമ കലക്ടീവിനെ കുറിച്ചും പരാമർശമുണ്ട് ഈ​ പ്രസ്താവനയിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ