കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയത് ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു അറിഞ്ഞിട്ടും മറച്ചുവച്ചെന്ന് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പ്രതികളുമായി എഎസ്‌ഐ ബിജു രണ്ട് തവണ ഫോണില്‍ സംസാരിച്ചെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്‌ച ബിജു മാന്നാനത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് എഎസ്‌ഐ അട്ടിമറിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറി.

അതേസമയം, സാനുവും ഗാന്ധിനഗര്‍ പൊലീസും തമ്മിൽ നടത്തിയതെന്നു സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ഞായറാഴ്‌ച നടന്ന സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ അനീഷിനെ വിട്ടയക്കാന്‍ തയ്യാറാണെന്നും കെവിന്‍ കൈയ്യില്‍ നിന്നും ചാടിപ്പോയെന്നും പറയുന്നുണ്ട്.

കെവിന്റെ വീട് തകര്‍ത്തതിന് നഷ്ടപരിപഹാരം നല്‍കാമെന്നും പ്രതി പറയുന്നുണ്ട്. അതേസമയം, കൊലപാതകം ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ സാനുവും ചേര്‍ന്നാണെന്നും നിയാസിനെ പദ്ധതി നടപ്പിലാക്കാന്‍ കൂടെ കൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഘാംഗങ്ങളെ സംഘടിപ്പിച്ചതും മറ്റും സാനുവായിരുന്നു.

ഇന്നലെയാണ് കേസിലെ പ്രധാന പ്രതികളായ സാനുവും ചാക്കോയും പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ വൈകിട്ടായിരുന്നു കൊല്ലപ്പെട്ട കെവിന്റെ ശവസംസ്‌കാരം നടന്നത്. ആയിരങ്ങളുടെ സാക്ഷ്യത്തിലായിരുന്നു കെവിന്റെ മൃതദേഹം സംസ്‌കരിച്ചത്.

കെവിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തില്‍ വച്ച് ക്രൂരമര്‍ദ്ദനമേറ്റിരുന്നു. തെന്മലയിലെ സാനുവിന്റെ വീട്ടിലെത്തും മുമ്പ് കെവിന്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു. അക്രമി സംഘം കെവിനെ പിന്തുടര്‍ന്നെന്നും പിന്നീടാണ് മരണകാരണമായ സാഹചര്യമുണ്ടായതെന്നും പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.