കണ്ണൂര്‍: പാഠപുസ്തകങ്ങൾക്കു പുറമെ അഫ്രയും മൂന്ന് കൂട്ടുകാരും ബെഞ്ചും ഡസ്കുമായിട്ടാണ് സ്കൂളിലെത്തിയത്. പുതിയ ഉടുപ്പും പുതിയ കുടയും പുതിയ ബാഗുമൊക്കെയായി സ്കൂളിലെത്തുന്നവരുടെ ഇടയിലാണ് പുതിയ ബെഞ്ചും ഡസ്കുമായി അഫ്ര സ്കൂളിലെത്തിയത്. ഈ സ്കൂൾ വർഷത്തിലാണ് പാഠപുസ്തകങ്ങൾക്കു പുറമെ ബെഞ്ചും ഡെസ്കുമായി പഠിക്കാനെത്തിയത് .
സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളില്ലെന്നും പറഞ്ഞ് കുട്ടികളെ പിടിക്കാനിറങ്ങുന്ന സ്കൂളുകളും അധ്യാപകരും നമുക്ക് പുതുമയല്ല. എന്നാല്‍ കണ്ണൂരിലെ ഒരു സ്കൂളില്‍ അഡ്മിഷനെടുക്കാന്‍ കുട്ടികളെത്തിയിട്ടും ഇരിക്കാന്‍ ബെഞ്ചും ഡെസ്ക്കുമില്ലാത്ത അവസ്ഥയാണ്. ഇവിടെ സ്വന്തം പൈസയ്ക്കു വാങ്ങിയ ബെഞ്ചിലും ഡെസ്കിലുമിരുന്നാണ് അഫ്രയും കൂട്ടുകാരും പഠിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സ്കൂള്‍ അധികൃതരും ജനപ്രതിനിധികളും വീടുകള്‍ തോറും കയറിയിറങ്ങിയപ്പോള്‍ അഫ്രയ്ക്കും കൂട്ടുകാര്‍ക്കും സ്കൂളില്‍ ചേരാന്‍ ഹൈക്കോടതി കയറേണ്ടി വന്നു.
സംഭവം നടന്നത് മയ്യില്‍ ഐഎംഎന്സ്എസ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. ഹൈക്കോടതി വിധിയുടെ പിൻബലത്തിലാണ് അഫ്ര സ്കൂളിൽ പഠിക്കാനെത്തിയത്.
എട്ടാം ക്ലാസ് വരെ മുല്ലക്കൊടി തവരക്കൊവ്വല് വീട്ടില്‍ കെ.അഫ്ര പഠിച്ചത് അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളിലായിരുന്നു. കഴിഞ്ഞ് മെയ് മാസത്തിലാണ് മയ്യില്‍ ഗവ. സ്കൂളില്‍ ഒന്‍പതാം ക്ലാസിലെ ഇംഗ്ലിഷ് മീഡിയം ഡിവിഷനില്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. എന്നാല്‍ സ്കൂളിൽ സൗകര്യങ്ങളില്ലെന്നു പറഞ്ഞു അധികൃതര്‍ അപേക്ഷ നിരസിച്ചു.
അഫ്രയെ കൂടാതെ, മറ്റ് കുട്ടികളുടെയും അപേക്ഷകള്‍ സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ ഒരു ഡിവിഷന് മാത്രമേ ഉള്ളുവെന്നും അവിടെ കുട്ടികള്‍ നിറഞ്ഞുവെന്നും പറഞ്ഞായിരുന്നു ഇവര്‍ക്ക് പ്രവേശം നിഷേധിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നിഷേധിക്കരുതെന്നും വിദ്യാര്‍ഥികള്‍ വര്‍ധിക്കുമ്പോള്‍ പുതിയ ഡിവിഷനുണ്ടാക്കണമെന്നുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഫ്രയുടെ പിതാവ് ടി.കെ.അഷ്റഫ് പരാതി നല്കി.
അഫ്രയ്ക്കു പ്രവേശനം നല്‍കണമെന്നു ഡിഇഒയും ബാലാവകാശ കമ്മിഷനും പൊതുവിദ്യാഭാസ ഡയറക്ടറും ഉത്തരവിട്ടുവെങ്കിലും സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ പ്രവേശനം വീണ്ടും നിഷേധിച്ചു. ഉത്തരവു നടപ്പാക്കിക്കിട്ടാന്‍ അഷ്റഫ് വീണ്ടും ബാലാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശം നല്കണമെന്നില്ല, മലയാളം മീഡിയത്തില്‍ നല്കിയാല് മതിയെന്ന് ബാലാവകാശ കമ്മീഷന് രണ്ടാമത്തെ വിധി പുറപ്പെടുവിച്ചതായി സ്കൂള്‍ ഹെഡ്മാസ്റ്റര് ടി.കെ ഹരീന്ദ്രന്‍ ഐഇ മലയാളത്തോട് പറഞ്ഞു.
‘150ഓളം അപേക്ഷകളാണ് വന്നത്. എന്നാല്‍ 52 കുട്ടികളുമായി ഇംഗ്ലിഷ് മീഡിയം ഡിവിഷനില്‍ പ്രവേശനം പൂര്‍ത്തിയാക്കിയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിന് ഒരു ഡിവിഷന് മാത്രമാണ് അനുവദിച്ചിരുന്നത്. ആ ഒരു ക്ലാസിലേക്ക് എടുക്കാവുന്ന കുട്ടികള്‍ക്ക് പരിധിയുണ്ട്. അഫ്രയുടേതടക്കമുള്ള കുട്ടികളുടെ അപേക്ഷകള്‍ വന്നത് പിന്നീടാണ്. ക്ലാസ്മുറിയിലെ സ്ഥലപരിമിതി കാരണമാണു കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാതിരുന്നത്. ഇത് ബാലാവകാശ കമ്മീഷനെ ഞങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിക്ക് മലയാളം മീഡിയത്തില്‍ അഡ്മിഷന് നല്കിയാല് മതിയെന്നു വിധി വന്നിരുന്നു.’
എന്നാല്‍ ഇതേ തുടര്‍ന്ന്, അഫ്രയുടെ പിതാവ് അഷ്റഫ് ഹൈക്കോടതിയെ സമീപിച്ചു. സ്കൂളില്‍ സൗകര്യമില്ലെന്നു സര്‍ക്കാര്‍ വാദിച്ചപ്പോള്‍, അതു കുട്ടിയുടെ പിതാവ് ഒരുക്കുമെന്നായി അഷ്റഫിന്റെ അഭിഭാഷകന്. വാദം അംഗീകരിച്ച ഹൈക്കോടതി, അഫ്രയ്ക്കും മറ്റ് മൂന്നു വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്കാന് ഉത്തരവിട്ടു. മകള്‍ക്ക് ഇരിക്കാന്‍ ഡെസ്ക്കും ബെഞ്ചും അഷ്റഫ് സ്കൂളിനു വാങ്ങിക്കൊടുത്തു. അഫ്രയ്ക്ക് സ്കൂളില്‍ പ്രവേശനം ലഭിക്കുകയും ചെയ്തു.
അഫ്രറയ്ക്കൊപ്പം മറ്റു മൂന്നു കുട്ടികള്‍ക്കും കൂടി സ്കൂളില്‍ അഡ്മിഷന് നല്‍കിയതായി ഹെഡ്മാസ്റ്റര് ഹരീന്ദ്രന്‍ പറഞ്ഞു. അടുത്ത വര്‍ഷത്തേക്ക് പുതിയ ബെഞ്ചും ഡെസ്കും ക്ലാസില്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.