Malayalam writer Ashita passes away: ചെറുകഥാകൃത്തും കവയിത്രിയുമായ അഷിത അന്തരിച്ചു. അറുപത്തി മൂന്നു വയസായിരുന്നു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.50 തോടെയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായിരുന്നു.
Read in English: Malayalam writer Ashita passes away
തൃശ്ശൂർ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5ന് ജനിച്ചു. ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായി സ്കൂൾ പഠനം പൂർത്തിയാക്കി, എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. വിസ്മയചിഹ്നങ്ങൾ, അപൂർണ്ണ വിരാമങ്ങൾ, നിലാവിന്റെ നാട്ടിൽ, ഒരു സ്ത്രീയും പറയാത്തത്, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, പുഷ്കിന്‍ കവിതകളുടെ വിവര്‍ത്തനം, പദവിന്യാസങ്ങള്‍ (റഷ്യന്‍ കഥകളുടെ പരിഭാഷ), താവോ: ഗുരുവിന്റെ വഴി, രാമായണം കുട്ടികൾക്ക്, ഭാഗവതം കുട്ടികള്‍ക്ക്, അഷിതയുടെ ഹൈക്കു കവിതകള്‍, റൂമി പറഞ്ഞ കഥകള്‍, താവോ തേ ചിംഗ്, ശിവേന സഹനർത്തനം (വചനം കവിതകള്‍), മീരാഭജനുകള്‍, ഹൈഡി (പരിഭാഷ), മയില്‍പ്പീലി സ്പര്‍ശം, 365 കുഞ്ഞുകഥകള്‍, പീറ്റര്‍ എന്ന മുയലും മറ്റു കഥകളും, അഷിതയുടെ കത്തുകള്‍, അത് ഞാനായിരുന്നു (ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ അഭിമുഖ സംഭാഷണം) തുടങ്ങി കഥ, കവിത, നോവലൈറ്റ്, പരിഭാഷ, ബാലസാഹിത്യം, എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇടശ്ശേരി പുരസ്കാരം (1986) – വിസ്മയചിഹ്നങ്ങൾ, അങ്കണം അവാർഡ്, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994), പത്മരാജൻ പുരസ്കാരം (2000) – തഥാഗത എന്നിങ്ങനെയുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.
ഭര്‍ത്താവ് കെ വി രാമന്‍കുട്ടി, മകള്‍ ഉമ.