ആലപ്പുഴ: കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരേ പരാതി നല്കിയ എന്‍സിപി മഹിളാ നേതാവിനെതിരെ കേസ്. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയ്ക്കെതിരെയാണ് കേസ്. പരസ്യമായി ആക്ഷേപിച്ചെന്ന എംഎല്‍എയുടെ ഭാര്യയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ജിഷയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
എം എല്‍ എ.ക്കെതിരായ പരാതിയില്‍ ജിഷ പൊലീസിന് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. യോഗത്തിന് മുമ്പ് എം എല്‍ എ. അസഭ്യം പറഞ്ഞതായും എം എല്‍ എ യുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് ജിഷയുടെ മൊഴിയിലുള്ളത്. പാര്‍ട്ടി അംഗമല്ലാത്തവര്‍ വേദിവിട്ട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് എം എല്‍ എ യുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും തനിക്ക് മര്‍ദനമേറ്റതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ തോമസ് കെ തോമസ് എംഎല്‍എ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.
ഈ മാസം ഒന്‍പതിന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഇതിനുപിന്നാലെയാണ് ജിഷ പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍ ജിഷക്കെതിരേ എം.എല്‍.എ.യും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.