കൊച്ചി: രണ്ടു ദിവസങ്ങളിലായി നടന്ന ‘അസെൻഡ് 2020’ ആഗോള നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷത്തില്‍പരം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനത്തില്‍ അറിയിച്ചു. ആകെ 138 പദ്ധതി നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. 32,008 കോടി രൂപയാണ് ഇതിലേക്കുള്ള നിക്ഷേപം. ഇതിന് പുറമെ കേരള ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടി മുതല്‍മുടക്കും. അബുദാബി ഇൻവെസ്‌റ്റ് അതോറിറ്റി, ലോജിസ്‌റ്റിക്‌സ് പാർക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും. സംഗമത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതെ പോയവരെ നേരിട്ട് കണ്ട് നിക്ഷേപത്തിനായി അഭ്യർഥിക്കും. ഇവരിൽ ചിലർ നിക്ഷേപിക്കാൻ സന്നദ്ധരാണ്. ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവന്റെ നേതൃത്വത്തിൽ ഇവരെ നേരിട്ട് കാണും.

നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിൽ കേരളം പിന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചത്. നിക്ഷേപക സംഗമത്തിലുണ്ടായിരിക്കുന്ന ഈ ആവേശകരമായ പ്രതികരണം സൂചിപ്പിക്കുന്നത് കേരളത്തിലെ നല്ല സാഹചര്യമാണ്. വിജയകരമായി സമാപിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഭംഗം വരില്ലെന്ന് സർക്കാർ ഉറപ്പു നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: വന്നയുടന്‍ സിക്‌സർ; ആരാധകരെ നിരാശരാക്കി അതേ വേഗത്തില്‍ മടക്കം, വീഡിയോ

നിക്ഷേപകരുടെ ആശങ്കകൾ കണക്കിലെടുത്താണ് വ്യാവസായിക സൗഹൃദ അന്തരീഷം മെച്ചപ്പെടുത്താനായി നിയമ നിർമ്മാണവും ചട്ട ഭേദഗതികളും നിലവിൽ വന്നത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ഇപ്പോൾ ശരിയല്ല. നിക്ഷേപകർ അർപ്പിക്കുന്ന വിശ്വാസം വലിയ കരുത്താണ് നൽകുന്നത്. ഈ സംഗമത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കേണ്ടത് നിക്ഷേപകരാണ്. കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകാൻ അവർക്കാണ് കഴിയുന്നത്. കേരളത്തിലെ നിക്ഷേപക സൗഹൃദ സാഹചര്യം മറ്റുള്ളവർക്കും മനസിലാക്കാൻ കഴിയും. നിക്ഷേപം നടത്തുന്നവർക്ക് സർക്കാരിന്റെ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ നേരിട്ട് സമീപിക്കാം. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാർദപരമായ സമീപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപത്തിന് സന്നദ്ധരായി വരുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകും. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകർക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പരസ്‌പര ആശയ വിനിമയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഗമത്തിലുയർന്നു വന്ന പദ്ധതികൾ പ്രവൃത്തി പഥത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ നൈപുണ്യം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. നൈപുണ്യ വികസനത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കേരളത്തിൽ വരുന്ന പുതിയ വ്യവസായങ്ങളിൽ തൊഴിൽ ലഭിക്കണമെങ്കിൽ അതിനാവശ്യമായ തൊഴിൽ വൈദഗ്ധ്യം തൊഴിലന്വേഷകർക്ക് വേണം. അതിനാൽ തൊഴിൽപരിശീലനത്തിൽ കാലാനുസൃതമായ മാറ്റം വരുത്താൻ സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഒഡീഷയിലെ ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി തുഷാർ ഗാന്ധി ബെഹ്റ വിശിഷ്ടാതിഥിയായി. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും ഡിജിറ്റൽ ഗവേണൻസിനും വലിയ പ്രാധാന്യമാണ് ഇരു സംസ്ഥാനങ്ങളും നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി.ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.പി.എം.ജി ചെയർമാൻ അരുൺ കുമാർ, ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ കെ.ബിജു എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.