കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള-2020 രണ്ടാം ലക്കം ഇന്നും നാളെയുമായി കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും.

ദേശീയ അന്തര്‍ദേശീയ തലത്തിലെ വ്യവസായികളും നിക്ഷേപകരുമടക്കം രണ്ടായിരത്തില്‍പരം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ നൂറില്‍പ്പരം വ്യവസായ പദ്ധതികളാണു നിക്ഷേപകര്‍ക്കു മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 2000 ഏക്കര്‍ സ്ഥലമാണു പദ്ധതികള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍, ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പദ്ധതികളാണ് തയാറാക്കുക.

വ്യാവസായിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്‌സ്, എംഎസ്എംഇ, ഗതാഗത വികസനവും വൈദ്യുത വാഹനങ്ങളും, ജീവശാസ്ത്രം, ആയുര്‍വേദം, ടൂറിസം, ഭക്ഷ്യ സംസ്‌ക്കരണം, തുറമുഖവും വ്യോമയാന സാധ്യതകളും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധ ചര്‍ച്ചകള്‍ നടക്കും. മന്ത്രിമാരും സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ സംസാരിക്കും.

കേരളത്തിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള അവതരണം ഇന്നു സംഗമത്തില്‍ നടക്കും.
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാറാണ് അവതരണം നടത്തുക.

പദ്ധതിക്കു നിക്ഷേപകരെ കണ്ടുപിടിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ റെയില്‍ മന്ത്രാലയം നിര്‍ദേശിച്ച സാഹചര്യത്തിലാണു സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള അവതരണം. ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ വേമ്പനാട് ഹാളില്‍ വൈകീട്ട് നാലിനു ‘യാത്രാവികസനവും വൈദ്യുതി വാഹനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയിലാണ് അവതരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.