scorecardresearch
Latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലർട്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതി തീവ്ര ചുഴലിക്കാറ്റ് ‘അസാനി’ നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്യുന്നു. മേയ് 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തി അതിന് ശേഷം വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ചുഴലിക്കാറ്റായി ശക്തി കുറയാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: പൂരത്തിനൊരുങ്ങി തൃശൂർ; പൂരം വിളംബരം ഇന്ന്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Asani cyclone kerala weather rain updates

Best of Express