തൊടുപുഴ: കനത്ത മഴയില്‍ നിറഞ്ഞു തുളുമ്പാനൊരുങ്ങി ഇടുക്കി ഡാം. ഡാമിലെ ജലനിരപ്പ് വ്യാഴാഴ്ച 2390.18 അടിയിലെത്തിയതോടെ ഡാം സുരക്ഷാ വിഭാഗം ഡാം തുറക്കുന്നതിന്  മുന്നോടിയായുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഡാം തുറക്കേണ്ടി വരുമെന്നത് മുന്നില്‍ക്കണ്ടാണ് ഡാം സേഫ്റ്റി വിഭാഗം മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശവും ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പും നല്‍കിയശേഷം ഡാം തുറക്കാനാണ് വൈദ്യുതി വകുപ്പ് ആലോചിക്കുന്നത്.

kseb notice idukki dam

ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദേശം

പ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ ഡാമില്‍ വന്‍തോതിലാണ് ജലനിരപ്പുയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രണ്ടടിയിലധികം വെള്ളമാണ് ഇടുക്കി ഡാമില്‍ മാത്രം കൂടിയത്. ഡാം തുറക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഡാം സേഫ്റ്റി വിഭാഗം യോഗം ചേര്‍ന്നിരുന്നു.

ഡാമില്‍ ജലനിരപ്പുയരുമ്പോഴും കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂലമറ്റം നിലയത്തില്‍ വൈദ്യുതോല്‍പ്പാദനം പരമാവധിയിലേക്കെത്തിച്ചാൽ ജലനിരപ്പ് താഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു വൈദ്യുതി വകുപ്പ്. എന്നാല്‍ കനത്ത മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്കു വര്‍ധിക്കുന്നതും വൈദ്യുതി വകുപ്പിന്റെ ഈ പ്രതീക്ഷകള്‍ക്ക് തടയിടുന്നുണ്ട്.

കഴിഞ്ഞ 26 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് ഡാം തുറക്കാൻ വൈദ്യുതി വകുപ്പ് ആലോചിക്കുന്നത്. ഇതിനു മുന്‍പ് രണ്ട് തവണയാണ് ഡാം തുറന്നിട്ടുളളത്. 1981-ലും 1992ലും ആണത്.

സാധാരണയായി മഴക്കാലത്ത് മറ്റു സംഭരണികളിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ഇടുക്കി ഡാമില്‍ ജലം കരുതലായി സൂക്ഷിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ സംസ്ഥാനത്തെ മറ്റു ചെറുകിട ഡാമുകളിലെല്ലാം തന്നെ പൂര്‍ണതോതില്‍ വെള്ളം സംഭരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് 135.8 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. ഇതു രാത്രി പത്തുമണിയാകുമ്പോഴേയ്ക്കും അനുവദനീയ പരിധിയായ 136 അടി കടക്കാനിടയുണ്ടെന്ന് തമിഴ്‌നാട് അധികൃതര്‍ ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഭയക്കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ്, മഴയുടെ തോത്, ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനെടുക്കുന്ന സമയം, താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനുശേഷമേ അണക്കെട്ടുകള്‍ തുറക്കൂ. ഇവ രണ്ടും സംബന്ധിച്ച് ആദ്യ മുന്നറിയിപ്പ് മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

നിലവിലെ കാലാവസ്ഥയില്‍ ഇടുക്കി അണക്കെട്ടില്‍ ഒരടിയും ഇടമലയാറില്‍ 50 സെന്റീമീറ്ററും വീതമാണ് പ്രതിദിനം ജലനിരപ്പുയരുന്നത്. ജില്ലയെ സംബന്ധിച്ചിടത്തോളം ഇടമലയാറിലെ ജലനിരപ്പ് സുപ്രധാനമാണെന്നും ഇതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഭൂതത്താന്‍കെട്ടിലെ 15 ഷട്ടറുകളില്‍ 13 എണ്ണം തുറന്നിട്ടുണ്ട്. 34.95 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 29 മീറ്ററോളം വെള്ളമാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണതോതില്‍ നടത്തുന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനുള്ള സ്‌കൂള്‍, കോളേജ് തുടങ്ങിയവ കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. രണ്ടാം മുന്നറിയിപ്പ് നല്‍കേണ്ടതായി വന്നാല്‍ തുടര്‍ന്ന് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. മുന്നറിയിപ്പ് നല്‍കുന്നതും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു. ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ 10 ദിവസങ്ങള്‍കൊണ്ടേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളൂ. ഇതിനിടയില്‍ മഴ കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.