കൊച്ചി: ഗാതാഗത മന്ത്രി എ.കെ ശശീന്ദ്രനെ കുടുക്കിയ ഫോൺ സംഭാഷണം സ്റ്റിംഗ് ഓപ്പറേഷൻ തന്നെയെന്ന് മംഗളം ചാനലിന്‍റെ ഏറ്റുപറച്ചിൽ. ശശീന്ദ്രനുമായി സംഭാഷണം നടത്തിയത് വീട്ടമ്മ അല്ലെന്നും മംഗളം ചാനലിലെ തന്നെ മാധ്യമപ്രവർത്തകയാണ് എന്നും ചാനലിന്‍റെ സിഇഒ അജിത് കുമാർ പറഞ്ഞു. സംഭവത്തിൽ ചാനൽ മാപ്പു പറയുന്നു എന്നും അജിത് കുമാർ പറഞ്ഞു. ചാനലിലെ മാധ്യമപ്രവർത്തക സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തം ആണെന്നും അജിത് കൂട്ടിച്ചേര്‍ത്തു . വിഐപികളെയും രാഷ്ട്രീയ നേതാക്കളെയും വലയിൽ കുടുക്കാൻ പദ്ധതിയിട്ടതാണെന്നും അജിത്ത് കുമാർ പറഞ്ഞു.

എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെയാണ് മംഗളം കുറ്റസമ്മതം നടത്തിയത്. ഐജി ദിനേന്ദ്ര കശ്യപിന് ആണ് അന്വേഷണച്ചുമതല. കോട്ടയം പാലക്കാട് എസ്‌പിമാരും അന്വേഷണ സംഘത്തിലുണ്ട്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജു മോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.  ഫോണ്‍ വിളി വിവാദത്തില്‍ ജുഡിഷ്വല്‍ അന്വേഷണം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണവും വരുന്നത്.

ഈ നടപടി തെറ്റായിപ്പോയി എന്നും അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത് പറഞ്ഞു. വാര്‍ത്ത പുറത്തു വന്നതിനു ശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ സംപ്രേഷണം ചെയ്തത് മുന്‍കരുതലെടുക്കാതെയാണ്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതു കൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്കുമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.