കോഴിക്കോട്: പിവി അൻവർ എംഎൽഎ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിശദീകരിച്ച് ആര്യാടൻ മുഹമ്മദ്. എംഎൽഎയ്ക്ക് എതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ഇയാളുടെ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വേണ്ടി സുപ്രീം കോടതി വരെ കേസ് നടത്തിയ ആളാണ് താനെന്നും ആര്യാടൻ പറഞ്ഞു.

“മുരുകേശ് നരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വേണ്ടി താൻ കേസ് നടത്തിയിരുന്നു. അഞ്ച് ഐഎൻടിയുസി തൊഴിലാളികളെ പുറത്താക്കിയതിനെതിരെയാണ് താൻ കേസ് കൊടുത്തത്. അത് ഹൈക്കോടതിയിൽ മുരുകേശ് നരേന്ദ്രന് അനുകൂലമായി വിധി വന്നു. പിന്നീട് സുപ്രീം കോടതിയിൽ താനിതിനെ എതിർത്തു. അവിടെ ഞങ്ങൾക്ക് അനുകൂലമായാണ് വിധി വന്നത്. ഇതാണ് ഞാനും മുരുകേശനുമായുള്ള ബന്ധം.”

“അൻവറിനെതിരായ ആരോപണത്തിൽ തനിക്ക് യാതതൊരു പങ്കുമില്ല. താൻ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന വാദം തെറ്റാണ്. മുരുകേശനനും ശ്രീധരൻ എന്ന വ്യക്തിയുമായി സ്വത്ത് തർക്കമുണ്ടെന്ന് ഈയടുത്ത് പത്രവാർത്തകളിലൂടെയാണ് താൻ അറിഞ്ഞത്. പിവി അൻവർ എംഎൽഎ ഇതിൽ മധ്യസ്ഥം വഹിച്ചതായും പിന്നീട് അറിഞ്ഞു. താനതിൽ തെറ്റൊന്നും കാണുന്നില്ല. പക്ഷെ തനിക്കെതിരായ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്”, ആര്യാടൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ