കൊച്ചി: കേരളത്തില്‍ രാഷ്ട്രീയസാധ്യതകള്‍ തേടി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കൊച്ചിയിലെത്തി. വൈകീട്ട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിനു പാർട്ടി പ്രവർത്തകർ വൻ സ്വീകരണമാണു നൽകിയത്. ട്വന്റി 20 നാളെ കിഴക്കമ്പലത്ത് സംഘടിപ്പിക്കുന്ന ജനസംഗമം പരിപാടിയെ കേജ്രിവാൾ അഭിസംബോധന ചെയ്യും.
താജ് മലബാര്‍ ഹോട്ടലിലാണ് കേജ്രിവാളിന് ഇന്നു താമസമൊരുക്കിയിരിക്കുന്നത്. നാളെ രാവിലെ എഎപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം വൈകീട്ട് നാലോടെ കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്സ് വില്ലയും സന്ദര്‍ശിക്കും. തുടര്‍ന്നാണു കിറ്റക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ നടക്കുന്ന ജനസംഗമത്തെ അഭിസംബോധന ചെയ്യുക.
ഡല്‍ഹിക്കു പുറമെ പഞ്ചാബില്‍ ഭരണം പിടിച്ചെടുത്ത എഎപി ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ആധിപത്യം ഉറപ്പിക്കാനുള്ള സജീവ ശ്രമത്തിലാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ദക്ഷിണേന്ത്യയില്‍ എഎപി പ്രതീക്ഷാപ്പട്ടികയിലുള്ള പ്രധാന സംസ്ഥാനം കേരളമാണ്്. ട്വന്റി 20 ഉള്‍പ്പെടെയുള്ള ബദല്‍ രാഷ്ട്രീയ സംഘങ്ങളുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് എഎപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എഎപി- ട്വന്റി 20 സംയുക്ത സ്ഥാനാര്ഥിയുണ്ടാവുമെന്നായിരുന്നു ട്വന്റി 20യില്‍നിന്നുള്ള ആദ്യ വിവരം. എന്നാല്‍, സംസ്ഥാന ഭരണത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പല്ലാത്തതിനാലും വരാനിരിക്കുന്ന നിയമസഭാ, ലോക് സഭാ തിരഞ്ഞെടുപ്പുകള്‍ക്കു പ്രാധാന്യം നല്കുന്നതിനാലും ഇരു സംഘടനകളും സംയുക്തമായി വ്യക്തമാക്കുകയായിരുന്നു.
Also Read: അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്
അതേസമയം, തൃക്കാക്കരയില്‍ എന്തു നിലപാടാണ് സ്വീകരിക്കുകയെന്നത് ഇരു കക്ഷികളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് നാളെ പ്രഖ്യാപനമുണ്ടാകാനാണു സാധ്യത. എഎപിയും ട്വന്റി 20 യും തമ്മില്‍ ഭാവിയിലുള്ള സഹകരണം സംബന്ധിച്ച് ജനസംഗമം നടക്കുന്ന പരിപാടിയില്‍ കേജ്രിവാള് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
എഎപിയുമായുള്ള സഖ്യം നിലവില്‍ അജന്‍ഡയിലില്ലെന്നു ട്വന്റി20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് എംഡിയുമായ സാബു എം ജേക്കബ് പറയുമ്പോള്‍ തന്നെ, ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. നാളെ നടക്കുന്ന ജനസംഗമം പരിപാടിയില്‍ അന്‍പതിനായിരം പേര് പങ്കെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.