കൊച്ചി: കേരളത്തിൽ ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി). കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിൽ എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.
സഖ്യരൂപീകരണത്തോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ എണ്ണം നാലായി ഉയർന്നതായി കെജ്രിവാൾ പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നിവയ്ക്ക് പുറമെയുള്ള തങ്ങളുടെ സഖ്യം ജനക്ഷേമ സഖ്യം അഥവാ പീപ്പിൾസ് വെൽഫെയർ അലയൻസ് (പിഡബ്ല്യുഎ) എന്നറിയപ്പെടുമെന്നും കെജ്രിവാൾ വ്യക്തമാക്കി.കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നും ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്രിവാൾ പറഞ്ഞു.
ആം ആദ്മിയുടെ വളര്‍ച്ച ഒരു മാജിക്കാണെന്നും ഡല്‍ഹിയും പഞ്ചാബും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി പാര്‍ട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയത്. കേരളത്തിലും ഇത് സാധ്യമാകുമെന്നും കെജ്രിവാൾ പറഞ്ഞു. ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്രിവാൾ പറഞ്ഞു.