അമ്പതു വർഷം പഴക്കമുള്ള കോട്ടയത്തെ​ ഒരു ലേഡി സ്റ്റോറിന്റെ വാർഷികത്തിന് അരുന്ധതി റോയ് ഇന്നെത്തിയപ്പോൾ കണ്ടുനിന്നവർക്കെല്ലാം അതൊരു കൗതുകകാഴ്ചയായിരുന്നു. എന്നാൽ, കൗതുകത്തിനപ്പുറം അരുന്ധതിയുമായി ബന്ധപ്പെട്ട രസകരമായൊരു കുട്ടിക്കാല ഗൃഹാതുരത്വത്തിന്റെ കഥ കൂടിയാണ് കോട്ടയത്തെ എ വൺ സ്റ്റോറിനും ഉടമയായ അബൂബക്കറിനും പറയാനുള്ളത്. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോൾ തിംഗ്സി’ൽ വരെ ഇടം പിടിച്ച ഒരു ഹെയർ ബാൻഡിന്റെ കഥ കൂടിയാണത്.

കോട്ടയത്തെ ആദ്യകാല ലേഡീസ് സ്റ്റോറുകളിൽ ഒന്നായ എ വൺ സ്റ്റോർ അരുന്ധതിയ്ക്ക് തന്റെ കുട്ടിക്കാല ഓർമ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്. കുഞ്ഞായിരുന്നപ്പോൾ ഏറെയിഷ്ടപ്പെട്ടിരുന്ന ‘ലവ് ഇൻ ടോക്കിയോ’ ബാൻഡുകൾ സ്ഥിരമായി വാങ്ങിയിരുന്ന ഒരിടം. വളർന്ന് എഴുത്തുകാരിയായപ്പോഴും ആ നൊസ്റ്റാൾജിയയെ അരുന്ധതി തന്റെ എഴുത്തിനൊപ്പം കൂടെ കൂട്ടി. ‘ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ എന്ന തന്റെ ആദ്യ നോവലിലും കോട്ടയത്തെ ആ പുരാതന കടയും പ്രിയപ്പെട്ട ‘ലവ് ഇൻ ടോക്കിയോ’ ബാൻഡുകളും കഥാപാത്രങ്ങളായി കടന്നുവന്നു. നോവലിലെ കഥാപാത്രമായ റാഹേൽ അണിയുന്നത് ലവ് ഇൻ ടോക്കിയോ ബാൻഡുകളാണ്.

എ വൺ സ്റ്റോറിന്റെ അമ്പതാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആരെ ക്ഷണിക്കണം എന്ന ചോദ്യത്തിന് കടയുടമ അബുബക്കറിനും ആദ്യം ഓർമ്മയിൽ വന്ന പേര് അരുന്ധതി റോയിയുടേതാണ്. ‘വരുമോ എന്ന സംശയത്തോടെ വിളിച്ചപ്പോൾ, ഞാൻ ഇതിനു വന്നില്ലെങ്കിൽ പിന്നെ എന്തിനു വരാനാണ്,’ എന്നായിരുന്നു സ്നേഹത്തോടെയുള്ള അരുന്ധതിയുടെ പ്രതികരണമെന്ന് അബുബക്കർ പറയുന്നു. അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നവീകരിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചാണ് അരുന്ധതി മടങ്ങിയത്. ക്ഷണം സ്വീകരിച്ച് എത്തിയ അരുന്ധതിയ്ക്ക് ‘ലവ് ഇൻ ടോക്കിയോ’യുടെ മൊമന്റോ നൽകാനും അബുബക്കർ മറന്നില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സുരേഷ് കുറുപ്പ് എന്നിവരും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.

ലവ് ഇൻ ടോക്കിയോ മൊമന്റോ അരുന്ധതിയ്ക്ക് സമ്മാനിക്കുന്നു

അറുപതുകൾ മുതൽ പെൺകുട്ടികളുടെ പ്രിയപ്പെട്ട ഹെയർ ആക്സസറീസിൽ ഇടം നേടിയ ഒന്നാണ് ‘ലവ് ഇൻ ടോക്കിയോ’ ഹെയർ ബാൻഡ്. പ്രമോദ് ചക്രവർത്തിയുടെ സംവിധാനത്തിൽ 1964 ൽ പുറത്തിറങ്ങിയ ‘ലവ് ഇൻ ടോക്കിയോ’ എന്ന ചിത്രത്തിലെ നായികയുടെ ഹെയർ സ്റ്റൈൽ ഹിറ്റായതോടെയാണ് ‘ലവ് ഇൻ ടോക്കിയോ’ ബാൻഡുകളും ശ്രദ്ധേയമായത്. പോണി ടെയിൽ രീതിയിൽ മുടി കൊട്ടാൻ സഹായിക്കുന്ന രണ്ടറ്റവും ബീഡ്സ് ഉള്ള റബ്ബർ ബാൻഡാണ് ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.