കോട്ടയം: അരുന്ധതി റോയിയുടെ പുതിയ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്‘ ഇന്ന് പുറത്തിറങ്ങും. യു.കെയിലെ ഹാമിഷ് ഹാമില്‍റ്റന്‍, പെന്‍ഗ്വിന്‍ ഇന്ത്യ എന്നിവരാണ്  പുതിയ നോവലിന്റെ പ്രസാധകര്‍. കേരളത്തിൽ എഴുത്തുകാരി കെആർ മീരയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ‘അരുന്ധതി റോയിയുടെ സ്വന്തം നാടായ കോട്ടയത്തു വച്ചായിരിക്കും പ്രകാശനം.

പുസ്തകത്തോടൊപ്പം അതിന്റെ ഓഡിയോ പതിപ്പും റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും മിനിസ്ട്രി ഓഫ് അറ്റ്മോസ് ഹാപ്പിനെസിനുണ്ട്. അരുന്ധതി റോയ് തന്നെയാണ് ഓഡിയോ പതിപ്പിൽ കഥ പറയുന്നത്. 16 മണിക്കൂറും 36 മിനിറ്റുമാണ് ശബ്ദരേഖയുടെ ദൈർഘ്യം.

വളരെയേറെ ആവേശത്തോടെയാണ് സാഹിത്യലോകവും വായനക്കാരും ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപ്പിനസിനായി കാത്തിരിക്കുന്നത്. അരുന്ധതി റോയിയുടെ ആദ്യ നോവലായ ‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്’ 1997ലെ ബുക്കര്‍ പ്രൈസിനു അര്‍ഹമായിരുന്നു. എഴുത്തുകാരിക്ക് ലോകമെമ്പാടും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചുകൊടുത്ത ആദ്യ കൃതി കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. ‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്’ മലയാളത്തിലും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രിയ എഎസ് തര്‍ജ്ജമ ചെയ്ത പുസ്തകം പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആയിരുന്നു. ഈ വിവർത്തനത്തിന് പ്രിയ എഎസിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

Also Read: തുമ്പി ഭാഷാച്ചിറകില്‍ ഒരു അരുന്ധതിയാനന്ദം

ആദ്യ നോവൽ നേടിയ വിജയത്തിന് ശേഷം അരുന്ധതി ഫിക്ഷൻ​ എഴുത്തിൽ നിന്നും മാറി നോൺ ഫിക്ഷൻ എഴുത്തിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ചും ആക്ടിവിസത്തിന്റെ മേഖലയിലായിരുന്നു അരുന്ധതിയുടെ ശ്രദ്ധ കൂടുതലും പതിച്ചത്. മാവോയിസ്റ്റ് , അംബേദ്കർ, കശ്മീർ, വടക്കു, കിഴക്കൻ സംസ്ഥാനങ്ങൾ, ഭീകരവാദം, മുതലാളിത്തം.പരിസ്ഥിതി, ദലിത് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങളായിരുന്നു ഏറെയും എഴുതിയത്. നവയാന പുനഃ പ്രസീദ്ധീകരിച്ച അംബേദ്‌കറിന്റെ ജാതി നിർമൂലനം എന്ന പുസ്തകത്തിന് അരുന്ധതി എഴുതിയ ആമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ഗാന്ധിയും അംബേദ്കറും തമ്മിലുളള ആശയഭിന്നതയിലേയ്ക്കും അതിന്റെ രാഷ്ട്രീയപ്രയോഗവും​​ ഒക്കെ ചർച്ച ചെയ്യുന്നുണ്ട്.

പഴയ ഡല്‍ഹിയില്‍ നിന്നും പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയാണ് ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്‘ എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ