തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അരുൺ രാജ് (29) ഏഴ് പേര്‍ക്ക് പുതു ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം അരുൺ രാജ് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവരുടെ ബൈക്കിന്റെ പുറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. സുഹൃത്തിന് കാര്യമായ പരുക്കേറ്റില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുൺ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ അരുൺ രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അരുൺ രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ദാനം ചെയ്തത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം നൽകിയത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രക്രിയ. എന്നാല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ