തിരുവനന്തപുരം: രാഷ്ട്രീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരുണ്‍ജെയ്റ്റ്ലി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെ സിപിഎം ഭരണത്തിനെതിരെ ദേശീയതലത്തില്‍ നടക്കുന്ന സംഘടിത നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്തെത്തിയതും ബിജെപി എംപിമാര്‍ പാര്‍ലമന്റില്‍ നടത്തിയ പ്രസ്താവനകളും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
രാവിലെ 11.15ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന അരുണ്‍ ജയ്റ്റ്ലി, കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീടു സന്ദർശിക്കും. തുടർന്ന് 12 ന് ശ്രീകാര്യം കല്ലന്പള്ളിയിൽ നടക്കുന്ന അനുസ്മരണയോഗത്തിൽ പങ്കെടുക്കും. 1.30 ആറ്റുകാൽ അംബികാ ഓഡിറ്റോറിയത്തിൽ തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളിൽ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും കാണും.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ബിജെപി എംപിമാര്‍ സ്പീക്കറുടെ പിന്തുണയോടെ പാര്‍ലമെന്റില്‍ പെരുപ്പിച്ച കണക്കുകളും അര്‍ധസത്യങ്ങളുമായി സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടും അത് നിരസിച്ച് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസിന്റെ ആവശ്യവും അജണ്ടയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി നേതാക്കള്‍ നല്കുന്ന കണക്കുകളും നുണപ്രചാരണങ്ങളും അതേപടി നിരത്തി ദേശീയമാധ്യമങ്ങളും സിപിഎമ്മിനെതിരെ പക്ഷം ചേര്‍ന്നു. പാക്കിസ്ഥാനെന്നും ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമെന്നും വിളിച്ച് ഹിന്ദുക്കള്‍ക്ക് ജിവിക്കാന്‍ സാധ്യമല്ലാത്ത നാടാണ് കേരളമെന്ന് വരുത്തിതീര്‍ക്കാന്‍ നേരത്തേയും ദേശീയമാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചതന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.