തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തി. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. പത്തു മിനുട്ടോളം നേരമാണ് ജെയ്റ്റ്‌ലി ഇവിടെ ചിലവഴിച്ചത്. അതിനിടെ തങ്ങളേയും സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് രാജ് ഭവനു മുന്നില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സത്യഗ്രഹം തുടങ്ങി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംപിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിക്കുന്നതിനൊപ്പം എട്ട് മാസം മുൻപ് നടന്ന സംഘർഷത്തിൽ പരുക്കേറ്റ മറ്റൊരു പ്രവർത്തകന്റെ വീട്ടിലുമെത്തും. കൂടാതെ സി.പി.എം അക്രമങ്ങളിൽ പരുക്കേറ്റവരുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ മടങ്ങും. ഒരു വശത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കിയുള്ള ബി.ജെ.പി നേതാക്കളുടെ സന്ദർശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ