കൊച്ചി : മൂവാറ്റുപുഴയ്ക്കടുത്ത പുത്തൻ കുരിശ് വാടയമ്പാടിയിൽ ഭൂ അവകാശ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും വിഷയം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ ‘മാവോയിസ്റ്റ്’ എന്നാരോപിച്ച് അറസ്റ്റു ചെയ്ത  നടപടിയിലും സാംസ്കാരിക ലോകത്തിൻറെ പ്രതിഷേധം. പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും എതിരെ പൊലീസ് ചാർത്തിയ കേസുകൾ പിൻവലിക്കണം എന്ന് മുഖ്യമന്ത്രയോട് ആവശ്യപ്പെട്ട സാഹിത്യ-സാംസ്കാരിക- മാധ്യമ രംഗത്തെ പ്രമുഖരടങ്ങുന്ന  കൂട്ടായ്മ. വാടയമ്പാടിയിൽ ദലിതർക്കെതിരായി നടക്കുന്ന മനുഷ്യാവകാശലംഘനത്തിൽ ഉടൻ തന്നെ പരിഹാരം കണ്ടെത്തണം എന്നും ആവശ്യപ്പെട്ടു.

കെ സച്ചിതാനന്ദൻ, എൻ എസ് മാധവൻ, സക്കറിയ, ബി രാജീവൻ, റിയാസ് കോമു, കെപി കുമാരൻ, ടിവി ചന്ദ്രൻ, സാവിത്രി രാജീവൻ, ടി എൻ ജോയ്, പി എൻ ഗോപീകൃഷ്ണൻ, എ ജെ തോമസ്, സരിതാ വർമ, സി എസ് ബാലകൃഷ്ണൻ, വിനു അബ്രഹാം, മുകുന്ദനുണ്ണി, ദിലീപ് രാജ്, സി എസ് വെങ്കടേശ്വരൻ, രേഖാ രാജ്, കെ ആർ മനോജ്, ബി അജിത്കുമാർ, രാജീവ് രവി, ജെ ദേവിക, രേഷ്മ ഭരദ്വാജ് , പി ടി പത്മനാഭൻ, ടിപി യാക്കൂബ്, ഡോ കെ ജി വിജയൻ, എ വി ഉമ , ഗൗരിദാസൻ നായർ, ഷൈനി ബെഞ്ചമിൻ, ആരതി അശോക് തുടങ്ങി സാഹിത്യ – സാംസ്കാരിക- മാധ്യമ മേഖലയിൽ നിന്നുമുള്ള ഒട്ടനവധി പേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്.

തങ്ങൾ തലമുറകളായി ഉപയോഗിച്ച് പോരുകയായിരുന്ന പൊതുവിടത്തിന്റെയും വഴിയുടെയും സംരക്ഷണത്തിനായി  വാടാമ്പാടിയിലെ ഭൂ അവകാശ സംരക്ഷണ സമിതി ഒരു വർഷത്തോളമായി സമരം ചെയ്യുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അപ്രിയമായ ചോദ്യങ്ങൾ ഉന്നയിച്ച സമരസമിതി കൺവീനർ ശശി വാടയമ്പാടിയേയും മാധ്യമപ്രവർത്തകരായ അനന്തു രാജഗോപാൽ ആശാ, അഭിലാഷ് പടച്ചേരി എന്നിവരേയും പൊലീസ് അറസ്റ്റുചെയ്യുന്നത്.

ഉത്തരവാദപ്പെട്ട പൗരൻ എന്ന നിലയിലും മാധ്യമപ്രവർത്തകർ എന്ന നിലയിലും പൊതുതാത്പര്യാർത്ഥം സമരം റിപ്പോർട്ട് ചെയ്യുക മാത്രമായിരുന്നു അനന്തുവും അഭിലാഷും എന്ന് പറയുന്ന കത്തിൽ, അവർ  മൂന്നുപേരെയും ബാക്കി സമരസമിതിയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അകറ്റുവാനായി പൊലീസ് കരുതിക്കൂട്ടി നടത്തിയതാണ് ‘മാവോയിസ്റ്റ്’ മുദ്രകുത്തൽ എന്നും ആരോപിക്കുന്നു. ബുധനാഴ്ച്ച ഇവർ മൂന്നുപേർക്ക് ജാമ്യം നൽകിയെങ്കിലും ഇവർക്കെതിരായ ചാർജുകൾ നിലനിൽക്കുന്നുണ്ട്.

ബുധനാഴ്ച്ച  വൈകീട്ടോടെ സമരത്തിൽ പങ്കെടുക്കുകയായിരുന്ന വികെ ജോയിയെ അറസ്റ്റു ചെയ്തതിലെ ‘ജനാധിപത്യ വിരുദ്ധതയേയും ‘ സാംസ്കാരിക പ്രവർത്തകർ വിമർശിക്കുന്നു.

‘സമരത്തിന് ഐക്യദാർഢ്യവുമായി വി കെ ജോയിയെ അറസ്റ്റുചെയ്ത പൊലീസ് ജനാധിപത്യത്തിൻറെ തത്വങ്ങളും ലംഘിച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമുള്ള കുറ്റം ചാർത്തികൊണ്ട് കേസെടുത്തത്.” കത്തിൽ പറഞ്ഞു.

വാടയമ്പാടിയിലെ ദലിത്  ജനവിഭാഗങ്ങൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശലംഘനത്തിൽ ഉടനടി ഇടപെടണം എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരായി ചുമത്തിയിട്ടുള്ള  കേസുകൾ പിൻവലിക്കണം  എന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ