കൊച്ചി: ക്ഷേത്രം അശുദ്ധിയാകും എന്നാരോപിച്ച് ദലിതനായ ചിത്രകാരന്റെ മൃതദേഹത്തോട് അനാദരവ്. പ്രശസ്ത ചിത്രകാരന് അശാന്തന് മഹേഷിന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെയാണ് അടുത്തുള്ള ശിവക്ഷേത്രത്തിലെ കമ്മിറ്റിക്കാര് തടഞ്ഞത്. ദര്‍ബാര്‍ ഹാളിലേക്ക് പ്രതിഷേധവുമായെത്തിയ അമ്പലകമ്മിറ്റിക്കാര് ഹാളിന് മുന്‍വശത്തായി തൂക്കിയിരുന്ന അശാന്തന്റെ ചിത്രമടങ്ങിയ ഫ്ലെക്സും നശിപ്പിച്ചു.
ലളിത കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അശാന്തന് മഹേഷിന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാറിന്റെയും അമ്പല കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. മൃതദേഹം അടുത്തുകൂടി കടന്നുപോയാല്‍ ക്ഷേത്രം അശുദ്ധമാകും എന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.
“അങ്ങനെ ഏതോ ഒരാളുടെ മൃതദേഹം ഈ പറമ്പില്‍ കിടത്താന്‍ പറ്റില്ല എന്ന് പറഞ്ഞാണ് അവര്‍ പ്രശ്നം ഉണ്ടാക്കുന്നത്. അതിനെ ചോദ്യം ചെയ്തപ്പോള്‍ ഇവിടെ ജനിച്ചു വളര്‍ന്ന ഞങ്ങളോട് ഇത് പറയാന്‍ നിങ്ങളാരാണ് എന്നാണ് അവര്‍ ചോദിച്ചത്. ” സംഭവസ്ഥലത്ത് മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഉണ്ടായിരുന്ന ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് പറഞ്ഞു.
ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ഇതാദ്യമായല്ല. അശാന്തന് മഹേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ തുടര്‍ന്ന് കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും അശാന്തന്റെ സുഹൃത്തുകളും ദര്‍ബാര്‍ ഹാള്‍ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
“ദര്‍ബാര്‍ ഹാളില്‍ മുന്‍പും മൃതദേഹം വച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യം മുതലെടുത്ത് വിശ്വാസികളെ മുഴുവന്‍ ഒന്നിപ്പിക്കാനുള്ള തീവ്ര ഹിന്ദുത്വവാദികളുടെ ഒരു ശ്രമമാണ് ഇവിടെ നടന്നത്. മുന്‍പ് ട്രാന്‍സ്ജെൻഡര്‍ ക്യാംപ് നടന്നപ്പോഴും സമാനമായ രീതിയില്‍ ഇവര്‍ ഇടപെട്ടിരുന്നു. ക്ഷേത്രത്തിന്റെ പരിധിയില്‍ മാംസം വിളമ്പാനാകില്ല എന്ന് പറഞ്ഞായിരുന്നു ദര്‍ബാര്‍ ഹാള്‍ പോലൊരു പൊതുസ്ഥലത്ത് നടന്ന പരിപാടിക്ക് നേരെ അവര്‍ പ്രതിഷേധിച്ചത്. ”
ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അശാന്തന് മഹേഷിന്റെ അന്ത്യം. കൊച്ചി പോണേക്കര സ്വദേശിയാണദ്ദേഹം. കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍, സി.എന്‍.കരുണാകരന് സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ചിത്രകാരനാണ് അശാന്തന് മഹേഷ്. പൊതുദര്‍ശനത്തിന് ശേഷം ദര്‍ബാര്‍ ഹാളില്‍ നടന്ന അനുശോചനയോഗത്തില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്, പ്രശസ്ത കലാനിരൂപകന് ജോണി എം.എല്‍, കലാകാരന്മാരായ ടി.കലാധരന്‍, നന്ദൻ തുടങ്ങിയവര്‍ സംസാരിച്ചു.
അശാന്തന് മഹേഷിന്റെ സംസ്കാരം ഇന്നലെ വൈകിട്ട് ഇടപ്പള്ളി ശ്മശാനത്തില്‍ നടന്നു.