scorecardresearch
Latest News

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: വി.എസ് അച്യുതാനന്ദൻ

കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകള്‍ തകര്‍ക്കാനാരംഭിച്ചിരിക്കുന്നുവെന്ന് വി എസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു,” വിഎസ് കുറിച്ചു.

കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. കശ്മീര്‍ ഒരു തുടക്കം മാത്രമാണെന്നും മതേതരത്വം ഇല്ലാതാക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐയുടെ നേതൃത്വത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: കശ്മീര്‍ ഒരു തുടക്കം മാത്രം, അവസാന ഇടതുപക്ഷക്കാരനും മരിച്ചുവീഴും വരെ പൊരുതും: ഡിവൈ‌എഫ്‌ഐ

ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ മോദി സർക്കാരിന്റെ പ്രഹരം എന്നാണ് സിപിഎം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മോദി സർക്കാർ ജമ്മു കശ്മീർ ജനതയെ വഞ്ചിച്ചു എന്നും സിപിഎം കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ഇന്ന് റദ്ദാക്കിയത്. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Article 370 vs achuthanandan against union government