കൊച്ചി: പ്രളയത്തിനുശേഷം ആകെ തകർന്ന ദൈവത്തിന്റെ നാട്ടിലേക്ക് വിനോദസഞ്ചാരത്തിനായി 60 അംഗ സംഘം വന്നത് ഓസ്ട്രേലിയയിൽ നിന്നാണ്. അതും പ്രത്യേക വിമാനത്തിൽ.

മൂന്ന് രാത്രിയും നാല് പകലും ചിലവഴിച്ച്  കേരളത്തിൽ നിന്ന് മടങ്ങാനൊരുങ്ങുമ്പോൾ സംഘാംഗമായ ഹാരി, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. “ഞാൻ ഹാപ്പിയാണ്. സഞ്ചാരികൾ വന്നുകാണേണ്ട നാടാണിത്. ആളുകൾ എത്ര വേഗമാണ് ദുരിതത്തെ അതിജീവിച്ചത്,” ഹാരി ആ അമ്പരപ്പ് മറച്ചുവച്ചില്ല.

“കേരളത്തിലേക്ക് വരുമ്പോൾ ഈ നാട് പ്രളയത്തിൽ തകർന്നുപോയതിനെ പറ്റി ഞാൻ അറിഞ്ഞിരുന്നു. എന്തെങ്കിലും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ വെളളച്ചാട്ടം കണ്ടു, ആനയെ കണ്ടു, കേരളത്തിലെ ഭക്ഷണ രീതികളെ അടുത്തറിഞ്ഞു, ഹൗസ് ബോട്ടിൽ യാത്ര ചെയ്തു… അതിമനോഹരമായ മൂന്ന് ദിവസങ്ങളാണ് കേരളം സമ്മാനിച്ചത്,” ഓസ്ട്രേലിയയിൽ ബിസിനസുകാരനായ ഹാരി വിശദീകരിച്ചു.

പ്രളയത്തെ തുടർന്ന് ഈ സീസണിൽ കേരളത്തിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനുളള ശ്രമകരമായ ദൗത്യമാണ് ടൂറിസം വകുപ്പിന് മുന്നിലുളളത്. ഈ ഘട്ടത്തിലാണ് മുൻനിശ്ചയിച്ച പദ്ധതിയിൽ നിന്ന് പിന്മാറാതെ ഓസ്ട്രേലിയയിൽ നിന്നുളള 60 അംഗ ടൂറിസ്റ്റ് സംഘം കേരളത്തിലേക്ക് വന്നത്.

“അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വന്നു കാണാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കേരളത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പണം നൽകേണ്ടതില്ലെന്ന ഉറപ്പും നൽകി,” ടൂർ ഓപ്പറേറ്ററായ ഡിവൈൻ വോയേജസിന്റെ ദക്ഷിണേന്ത്യയുടെ ചുമതലക്കാരൻ ജെനീഷ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ആറുമണിക്കാണ് പ്രത്യേക വിമാനത്തിൽ ഈ 60 അംഗ സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.

“പ്രളയത്തിൽ കേരളത്തിന് ഉണ്ടായ നഷ്ടങ്ങൾ വലുതാണ്. എന്നാൽ ഓസ്ട്രേലിയയിൽ നിന്ന് പ്രത്യേക വിമാനത്തിൽ വിനോദ സഞ്ചാരികൾ എത്തിയത് വളരെ വലിയ ശക്തിയാണ് ടൂറിസം മേഖലയ്ക്ക് പകരുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുളള വിനോദ സഞ്ചാരികൾക്ക് വലിയൊരു സന്ദേശമാണ് ഇത് നൽകുക. കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്പോൾ പഴയ നിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് എന്നതാണത്,” ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പ്രത്യേക വിമാനത്തിലെത്തിയ സംഘത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ടൂറിസം വകുപ്പ് നൽകിയത്. കൊച്ചി താജ് മലബാർ ഹോട്ടലിലാണ് ഇവർക്ക് താമസം ഒരുക്കിയത്. ഞായറാഴ്ച രാവിലെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം പിന്നീട് കണ്ണമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കാനായി പോയി. ഇവിടെ ടൂറിസ്റ്റുകള്‍ക്കായി തനതു കേരള വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാചക ക്ലാസ് ഒരുക്കിയിരുന്നു.

രാത്രി താജ് ഹോട്ടലിൽ കേരളത്തിന്റെ തനത് കലാരൂപങ്ങൾ സഞ്ചാരികൾക്കായി അവതരിപ്പിച്ചു. കഥകളിയും മോഹിനിയാട്ടവും കളരിപ്പയറ്റിനും പുറമെ തെയ്യവും സഞ്ചാരികൾ കണ്ടറിഞ്ഞു.

തിങ്കളാഴ്ച രാവിലെ പ്രളയം ഏറ്റവും അധികം ദുരിതത്തിലാക്കിയ ആലപ്പുഴയായിരുന്നു സംഘത്തിന്റെ കേന്ദ്രം. രാവിലെ 10.30 മുതൽ 2.30 വരെ ഹൗസ് ബോട്ടിൽ യാത്ര ചെയ്ത സംഘം കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ കണ്ടു.

“വീടുകളെല്ലാം പെയിന്റടിച്ച് വീണ്ടും വൃത്തിയാക്കിയിരിക്കുന്നു. എത്ര വേഗമാണ് കേരളം പ്രളയത്തിൽ നിന്ന് കരകയറുന്നത്. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മനോഹരമാണ്. ലോക സഞ്ചാരികൾക്ക് കേരളത്തിലേക്ക് ടിക്കറ്റെടുക്കാം,” ഹാരി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

നാളെ കൊച്ചിയിൽ നിന്നും ഗോവയിലേക്ക് ഇവരുടെ വിമാനം പറന്നുയരും. 15 ദിവസത്തെ യാത്രയിൽ ഇനിയുളള 11 ദിവസങ്ങൾ കൊണ്ട് അവർ ഗോവ, ഉദയ്‌പൂർ, ജോധ്‌പൂർ, വാരണാസി, കൊൽക്കത്ത എന്നിവിടങ്ങൾ സന്ദർശിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ