തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായ സംഭവത്തില്‍ പിടിയിലായ ജീവനക്കാര്‍ കുറ്റംസമ്മതിച്ചതായി പൊലീസ്. ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങള്‍ തന്നെയാണ് ഫാക്ടറിയ്ക്ക് തീവച്ചതെന്ന് സമ്മതിച്ചത്. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടത്.

സംഭവ ദിവസം അവസാന ഷിഫറ്റ് കഴിഞ്ഞ് ഏഴു മണിയോടെയാണ് ഇരുവരും ചേർന്ന് തീവച്ചത്. 19 വയസ് മാത്രം പ്രായമുളള ബിമലാണ് തീവച്ചത്. ബിനുവിന് മുപ്പതിനോടടുത്ത് പ്രായമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ശമ്പളത്തില്‍ നിന്ന് 600 രൂപയോളം തൊഴില്‍കരം പിടിച്ചതാണ് കൃത്യത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ ബിനു മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി പരിശോധനയിലാണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.

തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സും വെളിപ്പെടുത്തിയിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.