കൊട്ടാരക്കര: ശബരിമലയിലേക്കു പോകവേ നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസില്‍ തുടര്‍ച്ചയായി സുരേന്ദ്രന്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. നിലവില്‍ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയാണ് സുരേന്ദ്രന്‍. ഇരുമുടിക്കെട്ടുമായാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന ബിജെപി പ്രവർത്തകരായ ഗുരുവായൂർ പേരകം തറയിൽ രാജൻ (45), തുലാപ്പള്ളി മടുക്കോലി സന്തോഷ് (45) എന്നിവരും ജയിലിലുണ്ട്. ഇവരേയും പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി അറസ്റ്റു രേഖപ്പെടുത്തി ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേന്ദ്രനെ പ്രതിഷേധക്കാരെ ഭയന്ന് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് അവധി ദിവസമായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് അത്തിക് റഹ്മാന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രണ്ടു നേരം പ്രാർത്ഥിക്കാൻ കോടതി അനുമതി നൽകിയതായി സുരേന്ദ്രൻ പറഞ്ഞു.

ആശുപത്രിയിലും മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും ബിജെപി പ്രവർത്തകർ തമ്പടിച്ചിരുന്നു. വൻ പൊലീസ് അകമ്പടിയിലാണ് കൊട്ടാരക്കര സബ് ജയിലിലെത്തിച്ചത്. വിവരം അറിഞ്ഞ് നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകരും ഹിന്ദു ഐക്യവേദി പ്രവർത്തകരും സബ് ജയിലിന് സമീപം നാമജപവുമായി തടിച്ചുകൂടിയിരുന്നു. സ്ഥിതിഗതികൾ നേരിടാൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. സുരേന്ദ്രനുമായി വന്ന വാഹനത്തിന് അടുത്തേക്കു പോകാൻ പൊലീസ് ആരെയും അനുവദിച്ചില്ല. നടപടികൾ അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പത്തനംതിട്ട പൊലീസ് മടങ്ങി. എങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇരുട്ടുവോളം നാമജപവുമായി അവർ ജയിലിനു മുന്നിലുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ