/indian-express-malayalam/media/media_files/uploads/2019/03/arun-anand.jpg)
തൊടുപുഴ: ഏഴു വയസുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് ലേഖപ്പെടുത്തി. കുട്ടിയുടെ അമ്മയുടേയും അനുജന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വധ ശ്രമം, കുട്ടികളോടുള്ള അതിക്രമം, ആയുധം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് അരുണിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണം. ഇതേ തുടര്‍ന്നാണ് ഏഴ് വയസുകാരനെ പ്രതി അരുണ്‍ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. ചവിട്ടി വീഴ്ത്തിയ ശേഷം കുട്ടിയെ അരുണ്‍ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. കുട്ടികളുടെ അമ്മയ്ക്കും മര്‍ദനമേറ്റെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായതെന്നും ഡിവൈഎസ്പി വ്യക്തമാക്കി. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുവാണ് പ്രതിയായ അരുണ്‍. ഭര്‍ത്താവ് മരിച്ച് രണ്ട് മാസം കഴിഞ്ഞതോടെ അരുണ്‍ യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.
പ്രതിയായ അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളിയാണ്. ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. 2008 - ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ ഉള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍.
ഏഴു വയസുകാരന്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികിത്സ ഉറപ്പാക്കും. ഇളയകുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും ആരോഗ്യവകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏറ്റെടുക്കും. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരുക്കുള്ളത്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് കുട്ടി ഇപ്പോഴുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us