കൊച്ചി: തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട സംഭവത്തിൽ സിബിഎസ്ഇയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. തിരുവനന്തപുരം റീജിയണൽ ഓഫീസർ സച്ചിൻ താക്കൂറിനെ വിളിച്ചു വരുത്തിയ കോടതി ഓഫീസറെ ശകാരിച്ചു. സിബിഎസ്ഇയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അന്ത്യശാസനം നൽകി. സംവിധാനം ഉടച്ചുവാർത്തില്ലെങ്കിൽ കോടതി കർശന നടപടി ഉണ്ടാവുമെന്നും ഇനിയൊരവസരം ഇല്ലെന്നും മുന്നറിയിപ്പ് നൽകി.
വിദ്യാർഥികൾക്ക് അവസരം നഷ്ടമായതിൽ സ്കൂളിനും സിബിഎസ്ഇയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്ത ബോധം കാണിച്ചിരുന്നെങ്കിൽ വിദ്യാർഥികൾക്ക് ഈ ഗതി വരുമായിരുന്നില്ലെന്ന് കോടതി വിമർശിച്ചു. വിദ്യാർഥികൾക്ക് ഒരധ്യയന വർഷം നഷ്ടപ്പെടാതെ സംസ്ഥാന സിലബസിൽ പരീക്ഷ എഴുതിക്കാനാവുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ റീജിയണൽ ഓഫീസർ ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനും ഹാജരാവണം
അരൂജാസ് സ്കുളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നതിൽ ഉണ്ടായ വീഴ്ചകൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സിബിഎസ്ഇയോട് കോടതി നിർദേശിച്ചു. സിബിഎസ്ഇ ഹാജരാക്കിയ ഫയൽ അപൂർണമാണന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തിൽ സിബിഎസ്ഇ ചെയർമാൻ നേരിട്ട് ഹാജരാവുന്നതാവും ഉചിതമെന്ന് കോടതി പരാമർശിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് കോടതി ആരാഞ്ഞു.
Read Also: രജനീകാന്ത് പങ്കെടുക്കുന്ന ‘ഇൻടു ദി വൈൽഡ്’ പരിപാടിയുടെ സംപ്രേക്ഷണം മാർച്ച് 23 ന്
സിബിഎസ്ഇയുടെ മൗനം കാര്യങ്ങൾ വഷളാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ, അംഗീകാരമുള്ള സ്കൂളുകൾ വഴി പരീക്ഷ എഴുതിക്കുന്നത് ഗൗരവമായ കാര്യമാണ്. കഴിഞ്ഞ 5 വർഷത്തിനിടെ എത്ര വിദ്യാർഥികൾ ഇങ്ങനെ പരീക്ഷ എഴുതിയിട്ടുണ്ടാവുമെന്നും കോടതി ആരാഞ്ഞു. ഒത്തുകളികളും വീഴ്ചകളും മാത്രമാണ് നടക്കുന്നതെന്നും അന്വേഷണത്തിലേക്ക് കടക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർഥികൾക്കാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയത്. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്കൂള്‍ അക്കാര്യം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നില്ല. എന്നാൽ അഫിലിയേഷൻ ഇല്ലാത്തതിനാൽ കുട്ടികൾക്കു പരീക്ഷയെഴുതാനാവില്ലെന്നു സിബിഎസ്ഇ വൈകിയാണ് അറിയിച്ചതെന്നാണു മാനേജ്മെന്റിന്റെ ആരോപണം. രക്ഷിതാക്കളുടെ പരാതിയിൽ സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽവിൻ ഡിക്രൂസിനെയും മാനേജർ മാഗി അരൂജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.