കൊച്ചി: തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് തൽക്കാലം പരീക്ഷ എഴുതാൻ ഹൈക്കോടതിയുടെ അനുമതി. ഉപാധികളോടെയാണ് അനുമതി. സ്കൂൾ സിബിഎസ്ഇയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

ശേഷിക്കുന്ന മൂന്ന് പരീക്ഷകൾ എഴുതിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 വിദ്യാർഥികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.എം.ഷെഫീഖും വി.ജി.അരുണും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ അനുമതി. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം സിംഗിൾ ബഞ്ച് നേരത്തെ നിരസിച്ചിരുന്നു. പരീക്ഷാ ഫലം കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Read Also: പക്വതയില്ലാതെ ചെയ്തതാണ്, ക്ഷമ ചോദിക്കുന്നു; വിവാദ ടിക്‌ടോക് വിഷയത്തിൽ മാപ്പ് പറഞ്ഞ് ചാർമി കൗർ

പള്ളുരുത്തി അൽ അസർ സ്കൂളിലെ 4 വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ കോടതി അനുമതി നൽകി. അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് വൈറ്റില ടോക്കെച്ച് സ്കൂളും അൽ അസഹ്റിലെ വിദ്യാർഥികൾക്ക് കാക്കനാട് ഭവൻസ് ആദർശ് സ്കൂളും പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചു.

അരൂജാസ് സ്കുളിലെ വിദ്യാർഥികളെ സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതിക്കാനാവില്ലന്നും പാഠ്യപദ്ധതിയിൽ വ്യത്യാസമുണ്ടന്നും സർക്കാർ ബോധിപ്പിച്ചു. ആറ് സെന്റ് സ്ഥലത്ത് മൂന്ന് നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും അനുമതിയില്ലാതെ നിർമിച്ച മൂന്നാം നില പൊളിക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

സ്കൂളുകൾക്ക് സർക്കാർ അനുമതി നിഷേധിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സിബിഎസ്ഇ ആരോപിച്ചു. അരൂജാസ് സ്കുളിന് ഒരു വീടിന്റെ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ പരീക്ഷ എഴുതിക്കാൻ അനുമതി തേടിയ എസ്ഡിപിവൈ, ലിയോ സ്കൂളുകൾക്കെതിരെ നടപടി എടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർഥികൾക്കാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയത്. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്കൂള്‍ ‍അക്കാര്യം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നില്ല. എന്നാൽ അഫിലിയേഷൻ ഇല്ലാത്തതിനാൽ കുട്ടികൾക്കു പരീക്ഷയെഴുതാനാവില്ലെന്നു സിബിഎസ്ഇ വൈകിയാണ് അറിയിച്ചതെന്നാണു മാനേജ്മെന്റിന്റെ ആരോപണം. രക്ഷിതാക്കളുടെ പരാതിയിൽ സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽവിൻ ഡിക്രൂസിനെയും മാനേജർ മാഗി അരൂജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.