തിരുവനന്തപുരം: റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാധ്യമ പ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനമവുമായി കോൺഗ്രസ് നേതാവും എം.പിമായ ശശി തരൂർ. ‘രാജ്യത്തെ ഏറ്റവും നാണം കെട്ട വര്‍ഗമാണ് ഇവര്‍’ എന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ണാബ് പറഞ്ഞത്. കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മലയാളികളെയാണെന്ന് വ്യക്തമായി പറയാതെ അര്‍ണാബ് അധിക്ഷേപം ഒളിച്ചു കടത്തിയത്.

എന്നാല്‍ ചില വില കുറഞ്ഞ മനസുകൾ മലയാളികൾക്കെതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. നമുക്ക് വേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മൾ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്ന് ചിന്തിക്കേണ്ട സമയം”- തരൂർ ട്വിറ്ററിൽ കുറിച്ചു.

ദുരിത മുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതയിൽ അഭിമാനിക്കുന്നു. പുതിയ ആശയങ്ങളേയും വിശ്വാസങ്ങളേയും രണ്ട് കെെയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. മതസൗഹാർദ്ദത്തിന്റെ ചരിത്രമാണ് കേരളത്തിലത്. കേരളത്തിൽ രൂപം കൊണ്ട സാമൂഹ്യ പരിഷ്;കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി തുടങ്ങിയ സാംസ്കാരിക നായകരിലും അഭിമാനിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.
‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍’ എന്നാണ് അര്‍ണാബ് കഴിഞ്ഞ ദിവസം പറഞ്ഞത്. റിപബ്ലിക് ടിവിയുടെ ചര്‍ച്ചയിലായിരുന്നു അര്‍ണാബിന്റെ പരാമര്‍ശം. ‘ഫ്ലഡ് എയ്ഡ് ലൈ’ (വെള്ളപ്പൊക്ക സഹായം ഒരു കള്ളം) എന്ന വിഷയത്തിലാണ് അദ്ദേഹം ചര്‍ച്ച സംഘടിപ്പിച്ചത്.

യുഎഇ 700 കോടി കേരളത്തിന് സഹായധനം പ്രഖ്യാപിച്ചതായി പ്രചരിപ്പിച്ചെന്നായിരുന്നു അര്‍ണാബിന്റെ ആരോപണം. ഇത്തരം പ്രചരണങ്ങളിലൂടെ ഇന്ത്യയെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും ഇദ്ദേഹം പറയുന്നു.
“ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്? ഇന്ത്യയെ കളങ്കപ്പെടുത്തുകയാണ് ഇവരുടെ ഉദ്ദേശം”അര്‍ണാബ് പറഞ്ഞു.

സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫെയ്സ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധം അറിയിച്ചെത്തി. ബിജെപിയുടെ കുഴലൂത്തുകാരനായ അര്‍ണാബ് കേരളത്തെ അപമാനിക്കാനാണ് പണം വാങ്ങിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പേജില്‍ ആരോപണം ഉയര്‍ന്നു. നിരവധി പേരാണ് വിഷയത്തില്‍ അര്‍ണാബിനെ പൊങ്കാലയിടാന്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.