കൊച്ചി: തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. തമിഴ്നാട്ടുകാരടങ്ങുന്ന 10 അംഗ സംഘമാണ് മോഷണം നടത്തിയത്. 20,000 രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. വാതില്‍ കുത്തിപ്പൊളിച്ചാണ് സംഘം മോഷണം നടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. വീട്ടുകാരെ ആക്രമിച്ച സംഘം ഗൃഹനാഥനെ മാരകമായി പരുക്കേല്‍പ്പിച്ചു. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുളളവരാണോ സംഘമെന്ന് പൊലീസിന് സംശയമുണ്ട്.

ഇന്നലെ കൊച്ചി നഗരത്തിൽ വൃദ്ധ ദമ്പതിളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചതിന് പിന്നാലെയാണ് വീണ്ടും കൊച്ചിയെ നടുക്കിയ മോഷണം നടന്നത്. വ്യവസായി നിപ്പോൺ ടൊയോട്ട എംഡി ബാബു മൂപ്പന്റെ ഭാര്യ വീട്ടിൽ വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചി നഗരത്തെ നടുക്കിയ വൻ കവർച്ച നടന്നത്.

ലിസി-പുല്ലേപ്പടി ക്രോസ് റോഡിലെ രണ്ട് നില വീട്ടിലെ വൃദ്ധ ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് പവൻ സ്വർണ്ണം കവർന്ന മോഷ്ടാക്കൾ വൃദ്ധയുടെ കൈയ്ക്കും പരുക്കേൽപ്പിച്ചു. ഇല്ലിപ്പറമ്പിൽ മുഹമ്മദ് (74), ഭാര്യ സൈനബ (63) എന്നിവരെയാണ് ആക്രമണത്തിനിരയായത്. വീടിന്റെ മുൻഭാഗത്തെ ജനലഴികൾ അറുത്ത് മാറ്റി വീടിനകത്തേക്ക് പ്രവേശിച്ച കവർച്ചാസംഘം വീടിനകത്തുണ്ടായിരുന്ന വൃദ്ധ ദമ്പതികളെ ആക്രമിക്കുകയും കയറുകൊണ്ട് കെട്ടിയിടുകയുമായിരുന്നു. കൈയുടെ എല്ലിന് പൊട്ടലേറ്റ സൈനബയെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ഇവരുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.

വൃദ്ധ ദമ്പതികളെ കെട്ടിയിട്ട ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് പവന്റെ ഒരു മാലയും ഒന്നര പവന്റെ രണ്ട് വളകളും മോഷ്ടാക്കൾ തട്ടിയെടുത്തു. വീടിന്റെ മുൻഭാഗത്തെ ജനലഴികൾ തകർത്ത് കവർച്ച നടത്തുന്ന രീതി കൊച്ചിയിൽ വീണ്ടും നടന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ