കൊച്ചി: എറണാകുളം നെട്ടൂരില്‍ അര്‍ജുന്‍ എന്ന 20 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. നേരത്തെ പൊലീസ് പിടികൂടിയ നാല് പ്രതികള്‍ക്ക് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

നെട്ടൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്.വിദ്യന്റെ മകനാണ് മരിച്ച അര്‍ജുന്‍.

അര്‍ജുനെ സുഹൃത്തുക്കളായ റോണി, നിബിന്‍, അജിത്, അനന്ദു എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയ ശേഷം ചതുപ്പില്‍ താഴ്ത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിലേക്ക് നയിച്ചത് പകയും വൈരാഗ്യവും

പ്രതികളിലൊരാളായ റോണിയുടെ സഹോദരൻ കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചു. സഹോദരൻ മരിക്കാൻ കാരണം അർജുനാണെന്നാണ് റോണി പറയുന്നത്. വാഹനാപകടം നടക്കുന്ന സമയത്ത് സഹോദരനൊപ്പം ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്നത് അർജുനാണ്. തന്റെ സഹോദരനെ അർജുൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റോണി സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

സഹോദരനെ കൊലപ്പെടുത്തിയത് അര്‍ജുനാണെന്ന് റോണി ഉറച്ച് വിശ്വസിച്ചിരുന്നു. ഇതാണ് പിന്നീട് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. അര്‍ജുനോട് പിന്നീട് റോണിക്ക് പകയും വൈരാഗ്യവും ആയിരുന്നു. സഹോദരനെ കൊലപ്പെടുത്തിയതിന് പകരം വീട്ടാനുള്ള നീക്കത്തിലായിരുന്നു റോണി. റോണിയും അര്‍ജുനും സുഹൃത്തുക്കളാണെങ്കിലും റോണിക്ക് സഹോദരന്റെ മരണശേഷം അര്‍ജുനോട് പകയായി. കളമശേരിയിൽ വച്ചാണ് റോണിയുടെ സഹോദരനും അർജുനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. വാഹനം ഓടിച്ചിരുന്ന റോണിയുടെ സഹോദരൻ മരിച്ചു. അർജുന് പരുക്കേൽക്കുകയും ചെയ്തു.

കൊലപാതകം നടത്തിയത് ഇങ്ങനെ

സംഭവ ദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് അർജുനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ ജൂലൈ രണ്ടിന് രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി.

പൊലീസിനെ കബളിപ്പിക്കാൻ ‘ദൃശ്യം’ മോഡൽ ഓപ്പറേഷൻ

കൊല നടത്തിയ ശേഷം പൊലീസിനെ കബളിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. അർജുന്റെ മൊബൈൽ ഫോണും കൊണ്ട് പ്രതികൾ ആലുവ, കോതമംഗലം റൂട്ടുകളിലൂടെ സഞ്ചരിച്ചു. മൊബൈൽ ഫോൺ സിഗ്നൽ മാറുന്നതായി കണ്ടെത്തിയതോടെ അർജുൻ ജീവിച്ചിരിപ്പുണ്ടെന്നും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വിചാരിച്ചു. മൊബൈൽ ഫോണും കൊണ്ട് ഇവർ യാത്ര ചെയ്തത് ‘ദൃശ്യം’ സിനിമ മോഡലിലാണ്. പൊലീസ് അർജുനെ അന്വേഷിക്കുന്നുണ്ടായിരുന്നെങ്കിലും യാത്ര ചെയ്യുകയാണ് എന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. മൊബൈൽ ഫോണും കൊണ്ടുള്ള യാത്ര പൊലീസിനെ കബളിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനുമായിരുന്നു.

പൊലീസിന് വീഴ്ച പറ്റിയെന്ന് കുടുംബം

അർജുനെ കാണാതായ ദിവസം പരാതി നൽകാൻ എത്തിയ തന്നെ പൊലീസ് അധിക്ഷേപിച്ചതായും, തന്റെ മകനെ കണ്ടെത്തി തരാൻ പൊലീസ് കണിയാൻമാരല്ലെന്ന് പറഞ്ഞതായും അർജുന്റെ അച്ഛൻ വിദ്യൻ ആരോപിച്ചു. ഇക്കാര്യം തന്നെ അയൽവാസികളും വ്യക്തമാക്കി. അർജുന്റെ പിതാവ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹേബിയസ് ഹർജി ഫയൽ ചെയ്തിരുന്നു. പ്രതികളെന്ന് സംശയമുള്ളവരെ മൂന്നാം തീയതി കേസ് കൊടുത്തപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണത്തിന് പൊലീസ് താൽപര്യം കാട്ടിയില്ല എന്നതാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. എന്നാൽ, പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചതായി പൊലീസും പറയുന്നുണ്ട്.

കൊച്ചി ഡിസിപി പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതികളെ ചോദ്യം ചെയ്തത്. തുടർന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.