/indian-express-malayalam/media/media_files/uploads/2017/03/vs-achuthanandan01.jpg)
കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയില്‍ സിപിഎം നിലപാട് തള്ളി ഭരണ പരിഷ്കരണ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നിയമത്തെ അതിന്റെ വഴിക്ക് പോവാന്‍ അനുവദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണ് കുറ്റപത്രമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
എന്നാല്‍ കേസില്‍ ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്ന് വി.എസ് പറഞ്ഞു. ദേവികുളം സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്നത് ശരിയായ നിലപാടല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലാണ് പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തിയത്. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കൊപ്പം കൊലക്കുറ്റവും ചുമത്തിയത്.
ഐ.പി.സി 302, 120 ബി വകുപ്പുകളാണ് പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും സി.ബി.ഐ ചുമത്തിയത്. കേസില്‍ പി.ജയരാജന്‍ 32 ഉം ടി.വി രാജേഷ് 33ഉം പ്രതിയാണ്. നേരത്തെ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവ ദിവസം രാവിലെ പ്രദേശത്തെ സി.പി.എം ഓഫീസ് അക്രമിക്കപ്പെട്ടതറിഞ്ഞ് ഇവിടം സന്ദര്‍ശിക്കാനെത്തിയ ജയരാജനും രാജേഷിനും നേരെ അക്രമം നടന്നിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.