ഇടുക്കി:പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍. ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം.
വനംവകുപ്പ് വാച്ചര്‍മാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരും. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്ന് കൊമ്പന്‍ പൂര്‍ണമായും ഉണര്‍ന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.
അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി കടന്നാല്‍ ജനവാസ മേഖലയാണ്. അതിര്‍ത്തി കടന്ന് തമിഴ്നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തുരത്തിയേക്കും.
അതേസമയം അരിക്കൊമ്പന്‍ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലില്‍ എത്തിച്ച കുങ്കിയാനകള്‍ ഇന്ന് മുതല്‍ മടങ്ങിത്തുടങ്ങിയേക്കും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ ഇവരെ വീണ്ടും വയനാട്ടിലേക്ക് എത്തിക്കണം. കുങ്കികളെ കൊണ്ടു പോകാന്‍ രണ്ട് ലോറികളാണ് വനം വകുപ്പിനുള്ളത്. ഇതില്‍ രണ്ടാനകളെ ഇന്ന് കൊണ്ടു പോകും.