തൊടുപുഴ: അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അവസാന ഘട്ടത്തിലേക്ക്. പ്രദേശത്ത് കനത്ത മഴ പെയ്തത് ദൗത്യം ദുഷ്‌കരമായെങ്കിലും കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചു. റേഡിയോ കോളര്‍ ധരിപ്പിച്ച് ആനയുമായി അനിമല്‍ ആംബുലന്‍സ് പുറപ്പെട്ടു, അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു.
ജനവാസ കേന്ദ്രങ്ങളില്‍ നിന്നു 23 കിലോമീറ്റര്‍ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിബിഡമായ വനമേഖലയാണിത്. അരിക്കൊമ്പനുമായി 10 ലേറെ വാഹനങ്ങൾ ഉൾപ്പെട്ട സംഘമാണ് പുറപ്പെട്ടത്. പൂപ്പാറയിൽ വാഹനം എത്തിയപ്പോഴേക്കും ആനയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്.
5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന്‍ ചിന്നക്കനാലിനോട് വിടപറയുന്നത്. അവസാന നിമിഷം പെയ്ത മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുംകിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.
അരിക്കൊമ്പന് ആദ്യ മയക്കുവെടി 11.55 നാണ് വച്ചത്. 12.40 ന് ബൂസ്റ്റർ ഡോസ് നൽകി. ഇതിലാണ് ആന മയങ്ങിയത്. സിമന്റ് പാലത്തിൽ വച്ചാണ് ഡോ.അരുൺ സക്കറിയയുടെ നേതൃത്തിലുള്ള സംഘം മയക്കുവെടി വച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കൊമ്പനെ മെരുക്കിയെടുക്കാൻ നാല് കുങ്കിയാനകളാണ് സിമന്റ് പാലത്തിന് സമീപമെത്തിയത്. .
ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്പി പൊലീസ് സേനയ്ക്ക് നിർദേശം നൽകിയിരുന്നു. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കാനും ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ മരങ്ങൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്ക് നീങ്ങിയതോടെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നലെ പ്രതിസന്ധിയിലായിരുന്നു. ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സംഘം ദൗത്യം അവസാനിപ്പിച്ചു.
ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ 150 പേരാണ് അരിക്കൊമ്പൻ ദൗത്യസംഘത്തിലുള്ളത്. ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്. അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ. ഇതാണ് ഇത്തവണത്തെയും ദൗത്യസംഘത്തിന്റെ പ്രധാന പ്രശ്നം.
അരിക്കൊമ്പനെ പിടികൂടിയാല്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതീവ രഹസ്യമായി ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പനെ പിടികൂടിയാൽ പെരിയാർ ടൈഗർ റിസർവിലേക്കു കൊണ്ടുപോകുമെന്നാണു സൂചന.
ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും ഇന്നും നിരോധനാജ്ഞയാണ്.
കഴിഞ്ഞ മാർച്ച് 25 ന് അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കം വനംവകുപ്പ് നടത്തിയിരുന്നു. എന്നാൽ, മൃഗസ്നേഹികളുടെ രണ്ടു സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു. പിന്നീട്, വിഷയം പരിശോധിക്കാൻ ഹൈക്കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റണമെന്ന സമിതി ശുപാർശ കോടതി അംഗീകരിച്ചു. എന്നാൽ, കോടതി വിധി പറമ്പിക്കുളത്തെ ഗ്രാമങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കി.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റുന്നതിനെതിരെ കേരള സർക്കാർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി ഹർജി തള്ളി. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണു ഹൈക്കോടതിയുടെ ഉത്തരവെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ഏപ്രിൽ 20 ന് അരിക്കൊമ്പനെ മാറ്റാൻ വേറെ സ്ഥലമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മുദ്രവച്ച കവറിൽ നിർദേശിച്ച സ്ഥലങ്ങൾ സമർപ്പിക്കാനാണ് വനംവകുപ്പിനോട് കോടതി ആവശ്യപ്പെട്ടത്.
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ നാലു മാസത്തിനിടെ 31 വീടുകളും കടകളും തകര്‍ത്തു. ആനയുടെ ആക്രമണത്തിൽ 30 ഓളം പേര്‍ക്ക് പരുക്കേറ്റതായി വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.