ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍. ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
ഹൈക്കോടതിയിലെ വാദം പൂര്‍ത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കുങ്കിയാനകളെ പാര്‍പ്പിച്ച താവളത്തിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിദഗ്ധസമിതിയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍.
വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. വനംവകുപ്പിന്റെ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും നാട്ടുകാ പറഞ്ഞു.