ഇടക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അവിടെനിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഇന്നലെയാണ് തമിഴ്‌നാടിലെ മേഘമലക്ക് സമീപം മണലാര്‍ തേയില തോട്ടത്തില്‍ അരിക്കൊമ്പന്‍ എത്തിയത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ജനവാസ മേഖലക്ക് അകത്തേക്ക് കടക്കാതെ തടഞ്ഞു. രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നതായണ് റിപ്പോര്‍ട്ടുകള്‍. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പന്‍.പിന്നീട് അരിക്കൊമ്പന്‍ വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ എന്നീ സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള അതിര്‍ത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തിതയായാണ് റേഡിയോ കോളര്‍ സിഗ്നല്‍ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ മേഘമലയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലെത്താം. ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ തമിഴ് നാട് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.