കുമളി: അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചാരം തുടരുന്നതായി വിവരം. ഇന്നലെ ആന തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്തുണ്ടായിരുന്നു. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം പെരിയാർ വനത്തിലേക്കു തിരികെയെത്തി. അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങിയതോടെയാണ് കാട്ടാനയുടെ നീക്കങ്ങൾ വനംവകുപ്പിന് അറിയാൻ സാധിച്ചത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ആന പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ആനയുടെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാൽ കേരളത്തിലേക്ക് ഓടിച്ചു വിടാനാണ് നീക്കം. അങ്ങനെയെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്.
വണ്ണാത്തിപ്പാറയിൽനിന്നു 112 കിലോമീറ്റർ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാൽ. തമിഴ്നാട്ടിസെ വനപാലകർ ആനയെ വിരട്ടിയോടിച്ചാൽ തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലിൽ എത്താൻ സാധിക്കും. എന്നാൽ, റേഡിയോ കോളർ കഴുത്തിലുളളതുകൊണ്ട് ചിന്നക്കനാലിലേക്കുള്ള കൊമ്പന്‍റെ മടങ്ങി വരവ് തടയാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. അങ്ങനെ വന്നാൽ കുങ്കിയാനകളുടെ സഹായമില്ലാതെ പടക്കം പൊട്ടിച്ച് കാടുകയറ്റാൻ വനം വകുപ്പ് ആലോചന തുടങ്ങിയിട്ടുണ്ട്.
അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ച ഭാഗികമായേ ഉള്ളൂവെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം വ്യക്തമായത്. പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തി. ഇതിനു മരുന്ന് നൽകിയതായും വനംവകുപ്പ് അറിയിച്ചിരുന്നു.
ചിന്നക്കനാലിൽനിന്നും കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയാണ് ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ‘അരിക്കൊമ്പൻ ദൗത്യം’ തുടങ്ങിയത്. ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച വീണ്ടും ദൗത്യം തുടങ്ങി. 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി. തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. 4 കുങ്കികളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പിന്നീട് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകിയതോടെയാണ് കൊമ്പനെ തളയ്ക്കാനായത്.