കൊച്ചി: അരിക്കൊമ്പന്‍ ദൗത്യസംഘത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മാറ്റിയതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതി വിലയിരുത്തി. ദൗത്യസംഘാംഗങ്ങള്‍ക്ക് നന്ദിയറിയിച്ച് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ഹൈക്കോടതി കത്തില്‍ വ്യക്തമാക്കി.
റേഡിയോകോളര്‍ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് കോടതിയെ അറിയിച്ചു. ചിന്നക്കനാലിലേക്ക് ആന തിരികെ വരാന്‍ സാധ്യത ഇല്ലേ എന്ന് കോടതി ചോദ്യമുയര്‍ത്തിയപ്പോള്‍ അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്‌നാട് മേഖലയിലേക്കാണെന്ന് വനംവകുപ്പ് മറുപടി നല്‍കി. റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയില്‍ അറിയിച്ചു. ഭക്ഷണവും വെള്ളവും തേടി കൊമ്പന്‍ തിരികെ വരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പെരിയാറില്‍ അരിക്കൊമ്പനനുകൂലമായ സാഹചര്യമായതുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനത്തെ വിദഗ്ധ സമിതി അംഗീകരിച്ചത്. മിഷന്‍ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയില്‍ വരും. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതീവ രഹസ്യമായാണ് ഓപ്പറേഷന്‍ അരിക്കൊമ്പന്‍ വനംവകുപ്പ് നടത്തിയത്.
അതേസമയം അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതൽ നഷ്ടമായ സിഗ്നൽ രാവിലെയോടെ ലഭിച്ചുതുടങ്ങുകയായിരുന്നു. നിലവിൽ തമിഴ്നാട് അതിർത്തിക്കടുത്ത് മുല്ലക്കുടിയിലാണ് അരിക്കൊമ്പനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു.
അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തിയിരുന്നു.