കൊച്ചി: ഇടുക്കി ചിന്നക്കനാലില്‍ നിന്ന് വനം വകുപ്പ് പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എന്ന ആനയുടെ വലതു കണ്ണിന് കാഴ്ചക്കുറവുള്ളതായി റിപ്പോര്‍ട്ട്. വനം വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആനയ്ക്ക് മയക്കുവെടി വച്ചതിന് ശേഷം വനം വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം കണ്ടെത്തിയത്. കൂടാതെ തുമ്പിക്കൈക്കും ശരീരത്തിലും പരുക്കുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് ആനകളുമായി നടത്തിയ ഏറ്റുമുട്ടലില്‍ സംഭവിച്ച പരുക്കുകളാകാം ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം. പിടികൂടുന്നതിന് രണ്ട് ദിവസം മുന്‍പ് ഉണ്ടായ പരുക്കുകളാണ് ശരീരത്തില്‍ കണ്ടത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ആനയ്ക്ക് ഇല്ലെന്നുമാണ് വിവരം.
അതേസമയം, അരിക്കൊമ്പന്‍ ദൗത്യസംഘത്തില്‍ പങ്കെടുത്തവരെ ഹൈക്കോടതി അഭിനന്ദിച്ചു. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മാറ്റിയതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതി വിലയിരുത്തി. ദൗത്യസംഘാംഗങ്ങള്‍ക്ക് നന്ദിയറിയിച്ച് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ കത്ത് നല്‍കി.
സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ഹൈക്കോടതി കത്തില്‍ വ്യക്തമാക്കി.
റേഡിയോകോളര്‍ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് കോടതിയെ അറിയിച്ചു. ചിന്നക്കനാലിലേക്ക് ആന തിരികെ വരാന്‍ സാധ്യത ഇല്ലേ എന്ന് കോടതി ചോദ്യമുയര്‍ത്തിയപ്പോള്‍ അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്‌നാട് മേഖലയിലേക്കാണെന്ന് വനംവകുപ്പ് മറുപടി നല്‍കി.
റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയില്‍ അറിയിച്ചു. ഭക്ഷണവും വെള്ളവും തേടി കൊമ്പന്‍ തിരികെ വരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.