scorecardresearch
Latest News

അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലെത്തി, റേഷൻ കട ആക്രമിച്ചു

റേഷൻ കട ആക്രമിച്ചത് അരിക്കൊമ്പൻ ആണെന്ന് തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു

Arikomban, Idukki
അരിക്കൊമ്പൻ (ഫയൽ ചിത്രം)

കുമളി: പെരിയാർ കടുവ സങ്കേതത്തിൽനിന്നു തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി. ഇന്നലെ രാത്രിയോടെ മേഘമലയിൽ നിന്നും ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലെ റേഷൻ കട അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചു. കടയുടെ ജനൽ ഭാഗികമായി തകർത്തുവെങ്കിലും അരി എടുക്കാൻ കഴിഞ്ഞില്ല. രാത്രിയോടെ തന്നെ അരിക്കൊമ്പൻ വനത്തിലേക്ക് പോയി.

റേഷൻ കട ആക്രമിച്ചത് അരിക്കൊമ്പൻ ആണെന്ന് തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. റേഷൻ കടയുടെ വാതിൽ അരിക്കൊമ്പൻ തള്ളിത്തുറക്കാൻ ശ്രമിക്കുകയും കുറച്ചു സമയത്തിനുശേഷം മടങ്ങിപ്പോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പിന്റെ കൈവശമുണ്ട്. അതേസമയം, കാട്ടാന ജനവാസ മേഖലയിലെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട് ചെക്ക്‌പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്‌റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പനുള്ളത്.

കഴിഞ്ഞയാഴ്ച മേഘമലയിലേക്കു പോകുന്ന ചുരത്തിനു സമീപത്തുവച്ച് ബസിനുനേരെ പാഞ്ഞടുക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചിന്നമന്നൂരിൽനിന്നു മേഘമലയ്ക്ക് പോകുന്ന വഴിയിലും കാട്ടാന ഇറങ്ങിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപവും എത്തി കൃഷി നശിപ്പിക്കാനും ശ്രമിച്ചിരുന്നു. മേഘമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കു താമസിക്കാന്‍ നിര്‍മിച്ചിരുന്ന കെട്ടിടം അരിക്കൊമ്പന്‍ ഇടിച്ചു തകര്‍ത്തെന്ന് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ പറഞ്ഞിരുന്നു. എന്നാൽ, വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചിന്നക്കനാലിൽനിന്നും പിടികൂടിയ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ‘അരിക്കൊമ്പൻ ദൗത്യം’ തുടങ്ങിയത്. ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച വീണ്ടും ദൗത്യം തുടങ്ങി. 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി. തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. 4 കുങ്കികളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പിന്നീട് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകിയതോടെയാണ് കൊമ്പനെ തളയ്ക്കാനായത്.

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ നാലു മാസത്തിനിടെ 31 വീടുകളും കടകളും തകര്‍ത്തു. ആനയുടെ ആക്രമണത്തിൽ 30 ഓളം പേര്‍ക്ക് പരുക്കേറ്റതായി വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Arikomban attacked ration shop in tamilnadu

Best of Express