തൊടുപുഴ: ചിന്നക്കനാല്‍ മേഖലയുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. വന്‍ സജ്ജീകരണങ്ങളോടെ ലോറിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കൊടി സീനിയര്‍ ഓടയില്‍ എത്തിച്ചു. അസമില്‍ നിന്നു എത്തിച്ച ജിപിഎസ് കോളര്‍ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങള്‍ ഈ സംവിധാനം വഴി നിരീക്ഷിക്കും.
ജനവാസ കേന്ദ്രങ്ങളില്‍ നിന്നു 23 കിലോമീറ്റര്‍ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്. പരിശോധനയില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ശരീരത്തിലെ മുറിവുകള്‍ സാരമുള്ളതല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. അഞ്ച് മയക്കു വെടികള്‍ വച്ചും നാല് കുങ്കിയാനകളുടെ സഹായത്തോടെയുമാണ് അരിക്കൊമ്പനെ വനം വകുപ്പ് അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്.
പിടികൂടല്‍ ദൗത്യത്തിന്റെ അവസാനഘട്ടത്തില്‍ പെരുമഴ പെയ്‌തെങ്കിലും രാവിലെമുതല്‍ ലഭിച്ച അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി ദൗത്യസംഘം നടപ്പാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.45-ഓടെ അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടില്‍ നിന്ന് ദൗത്യത്തിന് അനുയോജ്യമായ സിമന്റുപാലം മേഖലയിലേക്ക് എത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. ഇതനുസരിച്ചാണ് ദൗത്യസംഘം ശനിയാഴ്ച രാവിലെ ട്രാക്കിങ് തുടങ്ങിയത്.