കൊച്ചി: അക്രമകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നീട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും പി.ഗോപിനാഥും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അരിക്കൊമ്പനെ പിടികൂടുന്നതിന് മയക്കുവെടി വെക്കുന്നത് ഈ മാസം 29-ന് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ആനയെ 29 വരെ മയക്കുവടി വയ്ക്കാന്‍ പാടില്ല. എന്നാല്‍ ഈ കാലയളവില്‍ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടിക്കാനുള്ള മുഖ്യവനപാലകന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.
ചിന്നക്കനാല്‍ സിമന്റ് പാലത്തിലെത്തിച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു വനം വകുപ്പിന്റെ പദ്ധതി. അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് എത്തിക്കുകയായിരുന്നു ലക്ഷ്യം. അരിക്കൊമ്പന്‍ ദൗത്യത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളുടെ സംയുക്തയോഗം നടത്തിയിരുന്നു.