കൊച്ചി: ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകൾ നിര്‍മ്മിച്ച മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസ്സന്‍ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

‘പെരിയാര്‍’, ‘ചഞ്ചല’, ‘ടൂറിസ്റ്റ്ബംഗ്ലാവ്’, ‘അഷ്ടമിരോഹിണി’, ‘വനദേവത’, ‘കാമധേനു’, ‘അമ്മായിയമ്മ’, ‘സൊസൈറ്റി ലേഡി’, ‘ചക്രായുധം’, ‘അവള്‍ നിരപരാധി’, ‘സ്‌നേഹബന്ധം’, ‘ബെന്‍സ് വാസു’, ‘മൂര്‍ഖന്‍’,
‘കാഹളം’, ‘ഭീമന്‍’, ‘തടാകം’, ‘അനുരാഗ കോടതി’, ‘അസുരന്‍’, ‘ജനകീയ കോടതി’, ‘രക്ഷസ്’, ‘രാധയുടെ കാമുകന്‍’, ‘നേതാവ്’, ‘അഷ്ടബന്ധനം’, ‘ശുദ്ധമദ്ദളം’, ‘സാമ്രാജ്യം’, തമിഴ് സിനിമ ‘നാംഗിള്‍’ എന്നീ 26 ചിതങ്ങൾ ആരിഫ നിർമ്മിച്ചിരുന്നു.

നാടക നടനായിരുന്ന തിലകന് സിനിമയില്‍ അവസരം നല്‍കിയത് ‘പെരിയാര്‍’ എന്ന സിനിമയിലൂടെയായിരുന്നു. പി ജെ ആന്റണിയായിരുന്നു സിനിമയുടെ സംവിധായകന്‍. സുജാതയെ ആദ്യമായി പിന്നണി പാടിച്ചത് ആരിഫയായിരുന്നു. ‘ടൂറിസ്റ്റ് ബംഗ്ലാവാ’യിരുന്നു ചിത്രം. ഉണ്ണിമേരിക്ക് ‘അഷ്ടമിരോഹിണി’ എന്ന ചിത്രത്തിലൂടെയും അവസരം നല്‍കി. ജോഷി എന്ന സംവിധായകന്‍ വരവറിയിച്ചത് ആരിഫ നിര്‍മ്മിച്ച ‘മൂര്‍ഖന്‍’ എന്ന സിനിമയിലൂടെയാണ്. ഭീമന്‍ രഘുവിന് സിനിമയില്‍ അവസരം നല്‍കിയതും ആരിഫ തന്നെ.

ഇവയില്‍ ആരിഫയുടെ അഞ്ചു ചിത്രങ്ങള്‍ ഭര്‍ത്താവ് ഹസനാണ് സംവിധാനം ചെയ്തത്. ‘ബെന്‍സ് വാസു’, ‘ഭീമന്‍’, ‘അസുരന്‍’, ‘നേതാവ്’, ‘രക്ഷസ്’ എന്നിവയാണ് ആ ചിത്രങ്ങള്‍. ‘ഋഷി’, ‘നരകാസുരന്‍’, ‘സാമ്രാജ്യം-2’, ‘തീഹാര്‍’, ‘ഉണ്ട’, അടുത്ത ഘട്ടം (തമിഴ്) എന്നീ ആറു പടങ്ങള്‍ നിര്‍മ്മിച്ച മകന്‍ അജ്മല്‍ ഹസനും സിനിമാ രംഗത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.