തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 11 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തു. രാജ്‌ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. കേരളത്തിന്റെ 22-ാമത് ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റത്. മലയാളത്തിലും ഇംഗ്ലീഷിലും ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചൊല്ലി. ദെെവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെയാണ് കേരളത്തിലെത്തിയത്. മന്ത്രിമാരുടെ നേതൃത്വത്തിൽ നിയുക്ത ഗവർണർക്ക് സ്വീകരണം നൽകി. മന്ത്രിമാരായ എ.കെ.ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി.ജലീൽ, ഇ.ചന്ദ്രശേഖരൻ എന്നിവർക്ക് പുറമെ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.

കേരളത്തിന്റെ പുതിയ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു. ജനതാ പാര്‍ട്ടിക്കാരനായാണ് ആരിഫ് മുഹമ്മദ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവാകുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് കോണ്‍ഗ്രസില്‍ നിന്ന് അകന്നതും പിന്നീട് ബിജെപി പാളയത്തില്‍ എത്തിയതും. ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1977-ല്‍ അദ്ദേഹം യുപി നിയമസഭയിലെത്തി.

Read Also: ന്യൂനപക്ഷ ഭയം സാങ്കല്‍പ്പികം മാത്രം, ഇരയായി സ്വയം കരുതുന്നത് തെറ്റ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

1980 ലാണ് ആരിഫ് മുഹമ്മദ് കോൺഗ്രസിലെത്തുന്നത്. 1980 ല്‍ കാണ്‍പൂരില്‍നിന്നും 1984ല്‍ ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലെത്തി. 1986 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മുഹമ്മദ് ആരിഫ്. പിന്നീട്, മുസ്ലീം സ്ത്രീകൾക്കുള്ള അവകാശത്തെ സംബന്ധിച്ചുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.

ബില്ലുമായി മുന്നോട്ടുപോകുന്നതു കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ്‌ ഗാന്ധിയോടു ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. നിലപാടിലുറച്ചുള്ള രാജിയെ അന്ന് മാധ്യമങ്ങളടക്കം ഏറെ പ്രകീർത്തിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് അകന്ന ശേഷം അദ്ദേഹം ജനമോര്‍ച്ചയിലെത്തി. ജനതാ ദളിൽ ചേർന്ന് 1989 ൽ വീണ്ടും ലോക്‌സഭയിലെത്തി. അതിനു ശേഷം ബിഎസ്‌പിയിലും അംഗമായി. 2004 ലാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. 2007 ല്‍ ബിജെപിയില്‍ നിന്നും അകലുകയും ചെയ്തു. 2007 ന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നിരുന്ന ആരിഫ് മുഹമ്മദ് കഴിഞ്ഞ കുറച്ച് നാളുകളായി മോദി സര്‍ക്കാരിനോട് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ആരിഫ് മുഹമ്മദ്.

ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. സെപ്റ്റംബർ നാലിനാണ് പി.സദാശിവത്തിന്റെ കാലാവധി അവസാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.