ന്യൂഡൽഹി: കേരളത്തിന് പുതിയ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. കല്‍രാജ് മിശ്ര രാജസ്ഥാന്‍ ഗവര്‍ണറാകും. നിലവില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാണ് കല്‍രാജ്. ഭഗത് സിങ് കോശ്യാരി മഹാരാഷ്ട്ര ഗവര്‍ണറാകും. തമിഴിസൈ സൗന്ദരരാജന്‍ തെലങ്കാന ഗവര്‍ണറാകും. ബന്ദാരു ദത്ത്രേയയാണ് ഹിമാചൽ ഗവർണർ. കേന്ദ്രമാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍ 2004 ല്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റുപോയി. പിന്നീട് ബിജെപി വിട്ട അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു. ഈ അടുത്ത കാലത്ത് വീണ്ടും മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തില്‍ മുഹമ്മദ് ആരിഫ് ഖാന്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ആരിഫ് ഖാനെ രാജ്യസഭാംഗമാക്കാനുള്ള നീക്കങ്ങളും ബിജെപി നടത്തിയിരുന്നു.

മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോടു കലഹിച്ചാണ് 1986-ൽ ആരിഫ് കോൺഗ്രസ് വിടുന്നത്. പിന്നീട് ജനതാദൾ, ബി.എസ്.പി. എന്നീ പാർട്ടികളിലും പ്രവർത്തിച്ചു.

ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ആരിഫ് വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.