കോട്ടയം: കടുത്ത അര്‍ജന്റീനിയന്‍ ആരാധകനായ യുവാവിനെ കാണാതായി. കോട്ടയം സ്വദേശിയായ ബിനുവിനെയാണ് കാണാതായത്. ലോകകപ്പ് മൽസരത്തില്‍ അര്‍ജന്റീന ക്രെയേഷ്യയോട് ദയനീയമായി തോറ്റതിന് പിന്നാലെയാണ് ബിനുവിനെ കാണാതായത്.

പുലര്‍ച്ചെയോടെ വീട് വിട്ടു പോയ ബിനുവിനായി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും വീട്ടുകാര്‍ കണ്ടെത്തി. ഇതിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡിലെ നായ മീനച്ചിലാറ്റിന് അടുത്തേക്കാണ് മണം പിടിച്ച് ഓടിയെത്തിയത്. ബിനു പുഴയില്‍ ചാടിയത് ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. പുഴയില്‍ പൊലീസും അഗ്നിശമനാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്.

വ്യാഴാഴ്‌ച നടന്ന മൽസരത്തിലാണ് അര്‍ജന്റീന ദാരുണമായി തോറ്റത്. ക്രൊയേഷ്യ അടിച്ച മൂന്ന് ഗോളുകള്‍ക്ക് മെസിയുടെ പടയ്‌ക്ക് മറുപടി ഉണ്ടായിരുന്നില്ല. ആരാധകരുടെ ഹൃദയം തകര്‍ത്ത തോല്‍വിക്ക് പിന്നാലെയാണ് കടുത്ത ആരാധകനായ ബിനുവിനെ കാണാതായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ