തിരുവനന്തപുരം: ഓഖി ദുരിതബാധിതർക്ക് നൽകിയ വാക്ക് കേരളത്തിലെ സർക്കാർ പാലിച്ചില്ലെന്ന് ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ് സൂസെപാക്യം. ഇതുവരെ 49 കുടുംബങ്ങൾക്ക് മാത്രമാണ് സർക്കാർ സഹായം ലഭിച്ചതെന്ന് വിമർശിച്ച സൂസെപാക്യം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തമിഴ്‌നാട് സർക്കാരാണ് മാതൃകയെന്നും പറഞ്ഞു.
കേരളത്തിൽ 146 പേരാണ് ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് മരിച്ചത്. ഇവരുടെ ആശ്രിതർക്ക് വീട്, തൊഴിൽ, ചികിത്സ തുടങ്ങിയ സഹായങ്ങൾ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നു എന്നാൽ ഒന്നും നടപ്പിലായില്ലെന്ന് സൂസെപാക്യം വിമർശിച്ചു. തമിഴ്‌നാട് സർക്കാർ എല്ലാ സഹായവും നൽകിക്കഴിഞ്ഞപ്പോഴാണ് കേരള സർക്കാർ ഇക്കാര്യത്തിൽ അലംഭാവം തുടരുന്നതെന്നാണ് ആർച്ച് ബിഷപ്പിന്റെ വിമർശനം.
“സർക്കാരിന്റേത് കെടുകാര്യസ്ഥതയാണ്. ഞങ്ങളുടെ മൗനത്തെ നിസഹായതയായി കാണരുത്. മരിച്ചവരുടെ കണക്ക് പോലും സർക്കാരിന്റെ പക്കലില്ല,” സൂസെപാക്യം പറഞ്ഞു.