scorecardresearch
Latest News

ഭൂമി വിൽപ്പന: പലരും പൈശാചിക തന്ത്രത്തിന് വിധേയരായെന്ന് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

‘ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പൈശാചികതന്ത്രത്തിനു പലരും വിധേയപ്പെടുന്നതായി കാണുന്നു. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോയെന്നു നല്ലവരായ സഭാമക്കള്‍ ഭയക്കുന്നു.’ ബിഷപ്പിന്റെ സര്‍ക്കുലര്‍ പറയുന്നു.

ഭൂമി വിൽപ്പന: പലരും പൈശാചിക തന്ത്രത്തിന് വിധേയരായെന്ന് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

കൊച്ചി: ഭൂമി വിൽപ്പനയെ തുടർന്ന് തെരുവിലായ സഭാ തർക്കത്തിൽ പക്ഷം പിടിച്ച് ചങ്ങനാശേരി അതിരൂപതയും ആർച്ച് ബിഷപ്പും രംഗത്ത്. സീറോ മലബാർ സഭയൂടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ നടന്ന ഭൂമി കച്ചവടത്തിലും നടക്കാനായി ധാരണ ഉണ്ടാക്കിയ ഭൂമിക്കച്ചവടത്തിലും നടന്ന സാമ്പത്തിക ക്രമക്കേടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി സീറോ മലബാർ സഭയ്ക്കുളളിൽ ധാർമ്മിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിശ്വാസികളിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ​ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുത്തു. പരാതിയിൽ പൊലീസ് നടപടി ഉണ്ടാകാത്തിതനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതി സമീപിക്കുകയും കോടതി നിർദേശപ്രകാരം കർദിനാളിനെതിരെ കേസ് എടുക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

വൈദികരും വിശ്വാസികളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ രംഗത്തെത്തിയപ്പോൾ പിന്തുണയുമായി ഒടുവില്‍ അദ്ദേഹത്തിന്റെ മാതൃ രൂപതയായ ചങ്ങനാശേരി അതിരൂപത രംഗത്ത് എത്തുകയാണ്. സഭയില്‍ സമാധനമുണ്ടാകാന്‍ വിശ്വാസികള്‍ ഉപവസിച്ചു പ്രാര്‍ഥിക്കണമെന്നഭ്യര്‍ഥിക്കുന്ന സര്‍ക്കുലര്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പുറത്തിറക്കി. കര്‍ദിനാളിനു പിന്തുണയാണെന്നു പറയാതെ പറഞ്ഞും എറണാകുളം -അങ്കമാലി അതിരൂപതയിലെ ഇടഞ്ഞുനില്‍ക്കുന്ന വൈദികരെ പൈശാചിക തന്ത്രത്തിനു കീഴ്‌പ്പെട്ടവരെന്ന പരോക്ഷമായി പറഞ്ഞാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ചങ്ങനാശേരി അതിരൂപത ഔദ്യോഗികമായി പ്രത്യക്ഷത്തിൽ സീറോ മലബാര്‍ സഭയെത്തന്നെ പിടിച്ചുലച്ച ഭൂമി വിവാദത്തില്‍ പ്രതികരണവുമായി എത്തുന്നതെന്നതും ശ്രദ്ധേയം. ഭൂമി വിഷയം വന്‍ വിവാദമാവുകയും കോടതി നിര്‍ദേശപ്രകാരം കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മൗനം വെടിഞ്ഞ് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയിട്ടുള്ളത്.

Prayer Day Mar Joseph by Jeevan Ram on Scribd

“സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവപീഡനങ്ങള്‍ക്കു പരിഹാരം ഉണ്ടാകുന്നതിനും ദൈവം ഇടപെടുന്നതിന് അതിരൂപതാംഗങ്ങളെല്ലാവരും ഈ വെള്ളിയാഴ്ച ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവ വികാസങ്ങള്‍ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ഉള്ളില്‍ നിന്നും പുറത്തുനിന്നും സഭയ്ക്കു പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു. ‘ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പൈശാചികതന്ത്രത്തിനു പലരും വിധേയപ്പെടുന്നതായി കാണുന്നു. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോയെന്നു നല്ലവരായ സഭാമക്കള്‍ ഭയക്കുന്നു. സ്‌നേഹവും ഐക്യവുമാണ് സഭയുടെ ശക്തിയും ബലവും. അത് തകരാന്‍ നാമനുവദിക്കരുത്.’ സര്‍ക്കുലര്‍ പറയുന്നു.

“അകത്തുനിന്നും പുറത്തുനിന്നും ആവിര്‍ഭവിക്കുന്ന വിരുദ്ധശക്തികളെ അതിജീവിക്കാനും സമാധാനവും സാഹോദര്യവും വളര്‍ത്തുവാനും ദൈവത്തിന്റെ സഹായം ആവശ്യമാണ്. ഉപവാസപ്രാര്‍ത്ഥനയിലൂടെ അതിരൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ച നിരവധി സംഭവങ്ങള് സഭാചരിത്രത്തില്‍ കാണാനാവും. കർത്താവിന്റെ പീഡാസഹനത്തെ ധ്യാനിക്കുന്ന നോമ്പുകാലമാണിത്. സ്വന്തം ജനമാണ് ഈശോയെ തിരസ്‌കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. അതുപോലെയുള്ള സഹനത്തിന്റെ ദിവസങ്ങള്‍ തന്റെ അനുയായികള്‍ക്കും നേരിടേണ്ടി വരുമെന്ന് ഈശോ മുറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ പീഡാനുഭവവെള്ളിക്കുശേഷം ഒരു ഉയിര്‍പ്പു ഞായർ ഉണ്ടാകുമെന്നത് നിശ്ചയമാണ്.

സ്വന്തം മക്കളില്‍ നിന്നുള്ള പീഡനമാണ് സഭാമാതാവിനെ ഏറെ വേദനിപ്പിക്കുന്നത്. ആ ചരിത്രവും ആവര്‍ത്തിക്കപ്പെടും. ഗദ്‌സെമനിയില്‍ രക്തം വിയര്‍ക്കുവോളം തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ച ഈശോയോടൊപ്പം, ഒരു വെള്ളിയാഴ്ച 12 മണിമുതല്‍ 3 മണി വരെ കുരിശിൽ തറയ്ക്കപ്പെട്ട് വേദന സഹിച്ച് മനുഷ്യവര്‍ഗത്തിന്റെ പാപത്തിന് പരിഹാരം ചെയ്ത് മരിച്ച ദൈവപുത്രനോട് ചേര്‍ന്നു നമുക്കും പ്രാര്‍ത്ഥിക്കാം. സഭയിലും സമൂഹത്തിലും, നമ്മുടെ രാജ്യത്തും ലോകം മുഴുവനിലും സ്‌നേഹവും സമാധാനവും കൈവരാന്‍, സഭയില്‍ അച്ചടക്കവും അനുസരണവും നിലനിൽക്കാൻ, പ്രത്യേകിച്ച് ഏറെ പ്രതിസന്ധി നേരിടുന്ന നമ്മുടെ മാതൃസഭയായ സീറോമലബാര്‍ സഭ ഐക്യത്തില്‍ ഏകമനസോടെ മുന്നേറാന്‍ ദൈവകൃപയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ വെള്ളിയാഴ്ച എല്ലാ അതിരൂപതാംഗങ്ങളും ഇടവകപ്പള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവര്‍ വീടുകളിലോ അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണിവരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണം.’ സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം ഭൂമി വിഷയത്തില്‍ ഉപവസിക്കാന്‍ ആഹ്വാനം ചെയ്തുള്ള സര്‍ക്കുലര്‍ വിശ്വാസികള്‍ എത്രത്തോളം ഉള്‍ക്കൊള്ളുമെന്നു വൈദികര്‍ക്ക് തന്നെ സംശയമുണ്ട്. നിങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ എന്തിന് ഉപവസിച്ചു പ്രാര്‍ഥിക്കണമെന്ന ചോദ്യമാണ് പല വിശ്വാസികളും ഉന്നയിക്കുന്നത്.

നേരത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം അൽമായർ ഭൂമി വിൽപ്പനയിലെ തട്ടിപ്പിനെ കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിനെത്തി അത് കലക്കാൻ ചങ്ങനാശ്ശേരി രൂപതയിലുളളവർ ശ്രമിച്ചതായി ആരോപണമുയർന്നിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Arch bishop mar joseph perunthottam on cardinals land dispute case

Best of Express