പത്തനംതിട്ട: ഉത്രട്ടാതി വള്ളംകളി തുടങ്ങി. 52 പള്ളിയോടങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുക. മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് ഉത്രട്ടാതി വള്ളംകളി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതിനാല്‍ ഇത്തവണ ഏറെ ആവേശത്തോടെയാണ് നാട്ടുകാര്‍ പള്ളിയോടങ്ങളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

ഒന്നാം സ്ഥാനം ലഭിക്കുന്ന എ,ബി ബാച്ച് പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. എ ബാച്ച് പള്ളിയോടങ്ങളില്‍ ഏറ്റവും നല്ല ചമയത്തിന് എസ്എന്‍ഡിപി യോഗം ഏര്‍പ്പെടുത്തിയ ആര്‍.ശങ്കര്‍ ട്രോഫി സമ്മാനിക്കും. ബി ബാച്ചിലെ മികച്ച ചമയത്തിന് ആറന്‍മുള പൊന്നമ്മ സ്മാരക ട്രോഫിയാണ് നല്‍കുക.

Read Also: നെഹ്റു ട്രോഫി വള്ളംകളി: നടുഭാഗം ചുണ്ടന്‍ ജലരാജാവ്

ഉച്ചയ്ക്ക് ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് എസ്.രമേശന്‍ നായര്‍ക്ക് മന്ത്രി കെ.രാജു സമ്മാനിക്കും.

സ്വാമി ഗോലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്മരണികയുടെ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിർവഹിക്കും. ആന്റോ ആന്റണി എംപി, വീണ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി തുടങ്ങിയവർ പങ്കെടുക്കും. വള്ളംകളിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.

ജലോത്സവത്തോടനുബന്ധിച്ച്‌ പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ ആറന്മുളയില്‍ പൂര്‍ത്തിയായി. നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.